കൊച്ചിയിൽ ഐഐഎമ്മിന്റെ പുതിയ സർവകലാശാല; 1,000 വിദ്യാർഥികൾക്ക് അവസരം

മാനേജ്മെന്റ് പഠനത്തോടൊപ്പം സൈക്കോളജി, ഡിജിറ്റൽ എന്റർപ്രൈസസ് ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ബിരുദ കോഴ്സുകൾ ആരംഭിക്കുന്ന രീതിയിലാണ് സർവകലാശാല വിഭാവനം ചെയ്യുന്നതെന്ന് ഡയറക്ടർ ദേബാശിഷ് ചാറ്റർജി അറിയിച്ചു

കൊച്ചിയിൽ ഐഐഎമ്മിന്റെ പുതിയ സർവകലാശാല; 1,000 വിദ്യാർഥികൾക്ക് അവസരം

കൊച്ചി: ഐഐഎം കോഴിക്കോട് കൊച്ചിയിൽ പുതിയ സർവകലാശാല സ്ഥാപിക്കാൻ പദ്ധതിയിടുന്നു. മാനേജ്മെന്റ് പഠനത്തോടൊപ്പം സൈക്കോളജി, ഡിജിറ്റൽ എന്റർപ്രൈസസ് ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ബിരുദ കോഴ്സുകൾ ആരംഭിക്കുന്ന രീതിയിലാണ് സർവകലാശാല വിഭാവനം ചെയ്യുന്നതെന്ന് ഡയറക്ടർ ദേബാശിഷ് ചാറ്റർജി അറിയിച്ചു.

പദ്ധതി നിലവിൽ പ്രാരംഭ ഘട്ടത്തിലാണെന്നും കൊച്ചിയിൽ അനുയോജ്യമായ സ്ഥലം കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികൾക്ക് മികച്ച ഗതാഗതവും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാകുന്ന സ്ഥലത്തിനാണ് മുൻഗണന. ഇൻഫോപാർക്ക് ഉൾപ്പെടെ വിവിധ സ്ഥലങ്ങൾ പരിഗണനയിലുണ്ടെങ്കിലും അന്തിമ തീരുമാനം ഐഐഎം ബോർഡാണ് കൈക്കൊള്ളുക.

പരമ്പരാഗത ബിസിനസ് സ്കൂളെന്ന ആശയത്തിനപ്പുറം, മാറുന്ന കാലത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്ന പ്രായോഗികവും ബഹുവിഷയാധിഷ്ഠിതവുമായ ഉന്നത വിദ്യാഭ്യാസ കേന്ദ്രമാക്കുകയാണ് ലക്ഷ്യമെന്ന് ഡയറക്ടർ വ്യക്തമാക്കി. മറ്റ് സർവകലാശാലകളുമായി മത്സരിക്കാനല്ല, വിദ്യാർഥികൾക്ക് പുതിയ പഠനസാധ്യതകൾ ഒരുക്കാനാണ് ഈ സംരംഭമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്തിടെ കളമശ്ശേരിയിൽ ഐഐഎം കോഴിക്കോട് സെന്റർ പ്രവർത്തനം ആരംഭിച്ചിരുന്നു. നിലവിൽ ബിഎംഎസും എക്സിക്യൂട്ടീവ് പി.ജി. പ്രോഗ്രാമുകളും ഇവിടെ നടക്കുന്നുണ്ട്. പുതിയ സർവകലാശാലയിൽ 1,000 വിദ്യാർഥികൾക്ക് പഠനസൗകര്യം ഒരുക്കി രാജ്യത്തെ പ്രമുഖ മാനേജ്മെന്റ് ബിരുദ പഠന കേന്ദ്രങ്ങളിലൊന്നായി വളർത്തുകയാണ് ഐഐഎമ്മിന്റെ ലക്ഷ്യം.