ലക്ഷദ്വീപില്‍ കോളേജ് അഡ്മിഷന്‍ അനിശ്ചിതത്വത്തില്‍; അഫിലിയേഷന്‍ വൈകുന്നതില്‍ പ്രതിഷേധം
അഡ്മിഷന്‍ പ്രതിസന്ധി കാരണം നിരവധി വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ടിലാണെന്ന് ചൂണ്ടിക്കാട്ടി സിജെപി കോഡിനേറ്റര്‍ ലക്ഷദ്വീപ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കത്ത് നല്‍കി
ലക്ഷദ്വീപിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിവിധ കോഴ്‌സുകളിലേക്കുള്ള 2026-27 അധ്യയന വർഷത്തെ അഡ്മിഷൻ നടപടികൾ അനിശ്ചിതത്വത്തിലായതോടെ കടുത്ത പ്രതിസന്ധിയിലാണ് വിദ്യാർത്ഥികൾ. അഡ്മിനിസ്ട്രേഷന്റെ അനാസ്ഥയാണ് ഈ സ്ഥിതിക്ക് കാരണമെന്ന് ആക്ഷേപമുണ്ട്. ലക്ഷദ്വീപ് ഗവൺമെന്റ് കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസിൽ ആരംഭിച്ച പുതിയ കോഴ്‌സുകൾക്ക് കൃത്യസമയത്ത് സർവകലാശാലാ അഫിലിയേഷൻ അപേക്ഷ നൽകാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറാകാത്തതാണ് പ്രവേശനം വൈകാൻ ഇടയാക്കിയത്.
നിലവിൽ പ്രൊഫഷണൽ അഫിലിയേഷൻ മാത്രമുള്ള ഈ കോഴ്‌സുകൾക്ക് സ്ഥിര അഫിലിയേഷൻ ലഭിച്ചിട്ടില്ല. മുൻപ് കലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലായിരുന്ന കോളേജിനെ പോണ്ടിച്ചേരി കേന്ദ്രസർവകലാശാലയിലേക്ക് മാറ്റിയതുമുതലാണ് ഇത്തരം പ്രശ്നങ്ങൾ ആരംഭിച്ചതെന്ന് വിഷയം ഉന്നയിച്ച് രംഗത്തെത്തിയ സി.ജെ.പി (കോക്രോച്ച് ജനതാ പാർട്ടി) കോഡിനേറ്റർ അബൂസലി സി. എൻ ആരോപിക്കുന്നു. മുന്നറിയിപ്പില്ലാതെ പഴയ കോഴ്‌സുകൾ ഒഴുവാക്കി പുതിയവ ആരംഭിച്ചെങ്കിലും അതിലൊന്നിലും അഡ്മിഷൻ പൂർത്തിയാക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല.
നാഷണൽ എഡ്യൂക്കേഷൻ പോളിസി പ്രകാരമുള്ള അധ്യാപകരുടെ എണ്ണം ഉറപ്പാക്കാനോ, അഡ്മിനിസ്‌ട്രേറ്ററോ വിദ്യാഭ്യാസ ഡയറക്ടറോ വിഷയത്തിൽ കൃത്യമായി ഇടപെടാനോ തയ്യാറാകുന്നില്ലെന്നാണ് പ്രധാന പരാതി. മറ്റ് കോളേജുകളിൽ അധ്യയനം ആരംഭിച്ചിട്ടും ലക്ഷദ്വീപിൽ പ്രവേശനം നീളുന്നത് വിദ്യാർത്ഥികളുടെ ഒരു അധ്യയന വർഷം തന്നെ നഷ്ടപ്പെടുത്തുന്ന അവസ്ഥയിലാണ്.
ഇതിനുപുറമേ, കാലാവധി കഴിഞ്ഞ അധ്യാപകരുടെ കരാർ പുതുക്കാത്തതും, ബിരുദം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകാൻ വൈകുന്നതും വിദ്യാർത്ഥികളെയും അധ്യാപകരെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്നു. കോളേജിന്റെ പ്രവേശനം, ഭരണനിർവ്വഹണം, നിയമനങ്ങൾ എന്നിവ നേരിട്ട് നടത്തുന്ന ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ വിദ്യാർത്ഥികളുടെ ഭാവി താറുമാറാകുമെന്ന ചൂണ്ടിക്കാട്ടി സി.ജെ.പി കോഡിനേറ്റർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്.
Comments ()