രൂപ അടിമുടി മാറും; പ്ലാസ്റ്റിക് നോട്ടുകളിലേക്ക് മാറാൻ ഇന്ത്യ

നിലവിലുള്ള കോട്ടണ്‍-പേപ്പര്‍ നോട്ടുകള്‍ക്ക് പകരം കൂടുതല്‍ കാലം ഈടുനില്‍ക്കുന്ന പ്ലാസ്റ്റിക് (പോളിമര്‍) നോട്ടുകള്‍ പുറത്തിറക്കാനുള്ള നടപടികള്‍ ആര്‍.ബി.ഐ വേഗത്തിലാക്കി.

രൂപ അടിമുടി മാറും; പ്ലാസ്റ്റിക് നോട്ടുകളിലേക്ക് മാറാൻ ഇന്ത്യ

ന്യൂഡല്‍ഹി: രാജ്യത്തെ കറന്‍സി രംഗത്ത് വന്‍ മാറ്റത്തിന് കളമൊരുക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. നിലവിലുള്ള കോട്ടണ്‍-പേപ്പര്‍ നോട്ടുകള്‍ക്ക് പകരം കൂടുതല്‍ കാലം ഈടുനില്‍ക്കുന്ന പ്ലാസ്റ്റിക് (പോളിമര്‍) നോട്ടുകള്‍ പുറത്തിറക്കാനുള്ള നടപടികള്‍ ആര്‍.ബി.ഐ വേഗത്തിലാക്കി.

ഇതിന്റെ ഭാഗമായി, പോളിമര്‍ നോട്ടുകള്‍ അച്ചടിക്കുന്നതിനാവശ്യമായ പ്രത്യേക പോളിമര്‍ ഷീറ്റുകള്‍ വിതരണം ചെയ്യാന്‍ താല്പര്യമുള്ള ആഭ്യന്തര-ആഗോള നിര്‍മ്മാതാക്കളില്‍ നിന്ന് ആര്‍.ബി.ഐയുടെ കറന്‍സി പ്രിന്റിംഗ് ഉപകമ്പനിയായ 'ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍' താല്പര്യപത്രം ക്ഷണിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആദ്യ ഘട്ടത്തില്‍ മൂല്യം കുറഞ്ഞ 10 രൂപ, 20 രൂപ നോട്ടുകളായിരിക്കും പ്ലാസ്റ്റിക് രൂപത്തില്‍ പുറത്തിറങ്ങുകയെന്നാണ് സൂചന. താല്പര്യമുള്ള കമ്പനികള്‍ക്ക് ഓഗസ്റ്റ് 18 വരെ ടെണ്ടര്‍ സമര്‍പ്പിക്കാം. ഏകദേശം ഒരു നൂറ്റാണ്ടോളമായി രാജ്യം പിന്തുടരുന്ന പേപ്പര്‍ കറന്‍സി രീതിക്ക് വലിയൊരു മാറ്റമായിരിക്കും ഈ നീക്കം.