'Er' ഇനി പേരിനൊപ്പം: എഞ്ചിനീയർമാർക്ക് ചരിത്രപരമായ ആദരവുമായി കർണാടക സർക്കാർ, രാജ്യത്ത് ആദ്യം

കർണാടകത്തിൽ ഇനി എഞ്ചിനീയർമാരുടെ പേരിന് മുന്നിൽ 'Er' എന്ന് ചേർക്കാം. ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി

'Er' ഇനി പേരിനൊപ്പം: എഞ്ചിനീയർമാർക്ക് ചരിത്രപരമായ ആദരവുമായി കർണാടക സർക്കാർ, രാജ്യത്ത് ആദ്യം

ബെംഗളൂരു: രാജ്യത്ത് ആദ്യമായി എഞ്ചിനീയർമാർക്ക് തങ്ങളുടെ പേരിന് മുന്നിൽ 'Er' എന്ന വിശേഷണം ചേർക്കാൻ ഔദ്യോഗിക അനുമതി നൽകി കർണാടക സർക്കാർ ചരിത്രപരമായ തീരുമാനം കൈക്കൊണ്ടു. ഡോക്ടർമാർ 'Dr' എന്നും അധ്യാപകർ 'Tr' എന്നും ഉപയോഗിക്കുന്ന മാതൃകയിൽ, രാജ്യപുരോഗതിക്കായി എഞ്ചിനീയർമാർ നൽകുന്ന മികച്ച സേവനങ്ങൾ മാനിച്ചാണ് ഈ അംഗീകാരം.

എഞ്ചിനീയറിങ് പ്രതിഭയും മൈസൂർ രാജ്യത്തിന്റെ 19-ാമത് ദിവാനുമായിരുന്ന എം. വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബർ 15 സംസ്ഥാനത്ത് ഇനിമുതൽ ഔദ്യോഗിക 'എഞ്ചിനീയേഴ്‌സ് ദിനം' ആയി ആചരിക്കാനും സർക്കാർ ഉത്തരവിറക്കി.

ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്‌സ് (ഇന്ത്യ) കർണാടക ചാപ്റ്റർ സംഘടിപ്പിച്ച 59-ാമത് എഞ്ചിനീയേഴ്‌സ് ദിനാഘോഷത്തിൽ സംസാരിക്കവെയാണ് ഡി. കെ. ശിവകുമാർ ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. സാങ്കേതിക പരിഹാരങ്ങളിലൂടെ സാമൂഹിക-സാമ്പത്തിക വികസനത്തിന് വഴിവെക്കുന്ന എഞ്ചിനീയർമാർ 'ഭാവിയുടെ ശിൽപികളാ'ണെന്ന് വ്യക്തമാക്കിയ സർക്കാർ ഉത്തരവിൽ, വിശ്വേശ്വരയ്യ നാടിനായി നൽകിയ സമാനതകളില്ലാത്ത സംഭാവനകളെയും കൃതജ്ഞതയോടെ അനുസ്മരിക്കുന്നുണ്ട്.