സൗദിയിലെ ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി റിയാദ് എംബസി

സൗദി അറേബ്യയിലുള്ള ഇന്ത്യൻ പൗരന്മാരോട് അതീവ ജാഗ്രത പാലിക്കാൻ റിയാദിലെ ഇന്ത്യൻ എംബസി നിർദ്ദേശിച്ചു.

സൗദിയിലെ ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി റിയാദ് എംബസി

നിലവിലെ സാഹചര്യം കണക്കിലെടുത്ത് സൗദി അറേബ്യയിലുള്ള മുഴുവൻ ഇന്ത്യൻ പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്ന് റിയാദിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും പൗരന്മാർ ജാഗ്രത പുലർത്തുകയും ആവശ്യമെങ്കിൽ വീടുകൾക്കുള്ളിൽ തന്നെ തുടരുകയും ചെയ്യണമെന്ന് ഔദ്യോഗിക നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. പ്രാദേശിക ഭരണകൂടങ്ങൾ ഔദ്യോഗിക ചാനലുകൾ വഴി നൽകുന്ന നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.

നിലവിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട വാർത്തകളോ വീഡിയോകളോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിനോ റീപോസ്റ്റ് ചെയ്യുന്നതിനോ കർശന വിലക്കുണ്ട്; ഇത്തരം പ്രചാരണങ്ങളിൽ നിന്ന് പ്രവാസികൾ പൂർണ്ണമായും വിട്ടുനിൽക്കണമെന്ന് എംബസി ആവശ്യപ്പെട്ടു.

അതേസമയം, റിയാദിലെ എംബസി, ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ്, വി.എഫ്.എസ് (VFS) സെന്ററുകൾ എന്നിവ വഴിയുള്ള സേവനങ്ങൾ തടസ്സമില്ലാതെ സാധാരണ നിലയിൽ തുടരുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ആവശ്യമെങ്കിൽ തുടർ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കും. അടിയന്തര സഹായങ്ങൾക്കായി പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പർ (8002471234) വഴി ബന്ധപ്പെടാം. കൃത്യമായ വിവരങ്ങൾക്കും ഔദ്യോഗിക അറിയിപ്പുകൾക്കുമായി എംബസിയുടെ സോഷ്യൽ മീഡിയ പേജുകൾ പരിശോധിക്കേണ്ടതാണ്.