യുഎഇ ബിഗ് ടിക്കറ്റിൽ 65 കോടിയുടെ ഭാഗ്യം; ഇന്ത്യൻ വീട്ടമ്മയ്ക്ക് വമ്പൻ സമ്മാനം

കഴിഞ്ഞ നാല് വർഷമായി കുടുംബം ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ സ്ഥിരമായി പങ്കെടുക്കുന്നുണ്ടെന്ന് കനിക പറഞ്ഞു. ഒരുനാൾ ഭാഗ്യം തങ്ങളെ തേടിയെത്തുമെന്ന പ്രതീക്ഷയോടെയായിരുന്നു ഓരോ ടിക്കറ്റും എടുത്തിരുന്നതെന്നും, ഒടുവിൽ ആ സ്വപ്നം യാഥാർഥ്യമായതിൽ അതിയായ സന്തോഷമുണ്ടെന്നും അവർ വ്യക്തമാക്കി

യുഎഇ ബിഗ് ടിക്കറ്റിൽ 65 കോടിയുടെ ഭാഗ്യം; ഇന്ത്യൻ വീട്ടമ്മയ്ക്ക് വമ്പൻ സമ്മാനം

ദുബൈ: യുഎഇയിലെ പ്രശസ്തമായ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇന്ത്യൻ വനിതയ്ക്ക് കോടികളുടെ ഭാഗ്യം. അബുദാബിയിൽ നടന്ന ലൈവ് സീരീസ് 288 നറുക്കെടുപ്പിലാണ് ന്യൂഡൽഹി സ്വദേശിനിയായ കനിക അറോറയ്ക്ക് 25 മില്യൺ ദിർഹം (ഏകദേശം 65 കോടി രൂപ) സമ്മാനമായി ലഭിച്ചത്.

കഴിഞ്ഞ നാല് വർഷമായി കുടുംബം ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ സ്ഥിരമായി പങ്കെടുക്കുന്നുണ്ടെന്ന് കനിക പറഞ്ഞു. ഒരുനാൾ ഭാഗ്യം തങ്ങളെ തേടിയെത്തുമെന്ന പ്രതീക്ഷയോടെയായിരുന്നു ഓരോ ടിക്കറ്റും എടുത്തിരുന്നതെന്നും, ഒടുവിൽ ആ സ്വപ്നം യാഥാർഥ്യമായതിൽ അതിയായ സന്തോഷമുണ്ടെന്നും അവർ വ്യക്തമാക്കി.

ടിക്കറ്റ് വാങ്ങുന്നതിൽ തുടക്കം മുതൽ വലിയ താൽപര്യം കാണിച്ചിരുന്നത് ഭർത്താവാണെന്ന് കനിക പറഞ്ഞു. ആദ്യകാലത്ത് ഭർത്താവിന്റെ പേരിലായിരുന്നു ടിക്കറ്റുകൾ വാങ്ങിയിരുന്നത്. എന്നാൽ അടുത്തിടെയാണ് തന്റെ പേരും വിവരങ്ങളും ഉപയോഗിച്ച് ടിക്കറ്റുകൾ എടുക്കാൻ തുടങ്ങിയത്. ആ തീരുമാനം കുടുംബത്തിന് വൻ ഭാഗ്യമായെത്തിയെന്നും അവർ കൂട്ടിച്ചേർത്തു.

സമ്മാനത്തുകയുടെ ആദ്യ ഉപയോഗം പുതിയൊരു വീട് സ്വന്തമാക്കാനായിരിക്കുമെന്ന് കനിക വ്യക്തമാക്കി. ഏറെക്കാലമായി കുടുംബം ആഗ്രഹിച്ചിരുന്ന സ്വപ്നമാണത്. കൂടാതെ അഞ്ചുവയസ്സുള്ള മകളുടെ ഏറെനാളത്തെ ഡിസ്നിലാൻഡ് സന്ദർശന ആഗ്രഹവും ഈ സമ്മാനത്തിലൂടെ സഫലമാക്കാനാകുമെന്ന സന്തോഷവും അവർ പങ്കുവച്ചു.

അപ്രതീക്ഷിതമായി ലഭിച്ച ഈ വമ്പൻ സമ്മാനം കുടുംബത്തിന്റെ ഭാവി കൂടുതൽ സുരക്ഷിതവും സന്തോഷകരവുമാക്കുമെന്ന പ്രതീക്ഷയിലാണ് കനിക അറോറയും കുടുംബവും.