റിയാദിൽ മിസൈൽ ആക്രമണം; പരിക്കേറ്റ ഇന്ത്യക്കാരൻ മരിച്ചു

ആക്രമണത്തിൽ ഇതുവരെ 12 പേർ മരിച്ചതായും 309 പേർക്ക് ചികിത്സ നൽകിവരുന്നതായും സൗദി അധികൃതർ അറിയിച്ചിരുന്നു. പരിക്കേറ്റവരിൽ 11 പേർ ഇന്ത്യക്കാരാണെന്ന് റിയാദിലെ ഇന്ത്യൻ എംബസിയും വ്യക്തമാക്കിയിരുന്നു

റിയാദിൽ മിസൈൽ ആക്രമണം; പരിക്കേറ്റ ഇന്ത്യക്കാരൻ മരിച്ചു

റിയാദ്: സൗദി തലസ്ഥാനത്തെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹൈദരാബാദ് സ്വദേശി മുഹമ്മദ് യൂസുഫ് അലി മരിച്ചു. ആക്രമണത്തിൽ പരിക്കേറ്റ ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും ആശുപത്രിയിൽ ചികിത്സ തുടരുകയാണ്. ഇന്നലെ ഉച്ചയോടെയാണ് കുടുംബത്തിന് പരിക്കേറ്റത്.

ആക്രമണത്തിൽ ഇതുവരെ 12 പേർ മരിച്ചതായും 309 പേർക്ക് ചികിത്സ നൽകിവരുന്നതായും സൗദി അധികൃതർ അറിയിച്ചിരുന്നു. പരിക്കേറ്റവരിൽ 11 പേർ ഇന്ത്യക്കാരാണെന്ന് റിയാദിലെ ഇന്ത്യൻ എംബസിയും വ്യക്തമാക്കിയിരുന്നു. സംഭവത്തെ തുടർന്ന് ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയും ആരോഗ്യസ്ഥിതിയും സംബന്ധിച്ച് എംബസി അധികൃതർ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.

പരിക്കേറ്റ ഇന്ത്യക്കാരുടെ ചികിത്സാ വിവരങ്ങൾ അറിയാൻ സൗദി അധികൃതരുമായും ബന്ധപ്പെട്ട ആശുപത്രികളുമായും എംബസി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതനുസരിച്ച് ഔദ്യോഗിക അറിയിപ്പ് നൽകുമെന്നും എംബസി സമൂഹമാധ്യമ പോസ്റ്റിലൂടെ അറിയിച്ചു.