ട്രെയിൻ യാത്രക്കാർക്ക് മുന്നറിയിപ്പ്: കൂടുതൽ ലഗേജുണ്ടോ? നാളെ മുതൽ കൂടുതൽ പണം നൽകേണ്ടി വരും!

ഇന്ത്യന്‍ റെയില്‍വേ www.parcel.indianrail.gov.in എന്ന പുതിയ ഓണ്‍ലൈന്‍ പോര്‍ട്ടലിന് തുടക്കമിട്ടു.

ട്രെയിൻ യാത്രക്കാർക്ക് മുന്നറിയിപ്പ്: കൂടുതൽ ലഗേജുണ്ടോ? നാളെ മുതൽ കൂടുതൽ പണം നൽകേണ്ടി വരും!

തിരുവനന്തപുരം: റെയില്‍വേ സ്റ്റേഷനുകളില്‍ ക്യൂ നില്‍ക്കാതെ യാത്രക്കാര്‍ക്ക് അധിക ലഗേജുകള്‍ ഇനി ഓണ്‍ലൈനായി മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഇതിനായി ഇന്ത്യന്‍ റെയില്‍വേ www.parcel.indianrail.gov.in എന്ന പുതിയ ഓണ്‍ലൈന്‍ പോര്‍ട്ടലിന് തുടക്കമിട്ടു. യാത്ര പുറപ്പെടുന്ന സ്റ്റേഷന്‍, ലക്ഷ്യസ്ഥാനം, ട്രെയിന്‍ നമ്പര്‍, ലഗേജിന്റെ അളവുകള്‍ എന്നിവ വെബ്സൈറ്റില്‍ നല്‍കിയാല്‍ നിരക്ക് എത്രയാണെന്ന് മുന്‍കൂട്ടി അറിയാനും നാളെ മുതല്‍ ലഗേജ് ബുക്കിംഗ് പൂര്‍ത്തിയാക്കാനും സാധിക്കും.

ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടുമായി യാത്ര പുറപ്പെടുന്ന സ്റ്റേഷനിലെ പാര്‍സല്‍ ഓഫീസിലെത്തി ലഗേജിന്റെ ഭാരം തിട്ടപ്പെടുത്തി തുക ഉറപ്പാക്കേണ്ടതുണ്ട്. പണമടച്ചാല്‍ ലഭിക്കുന്ന രസീത് ഉപയോഗിച്ചാണ് ലക്ഷ്യസ്ഥാനത്തുനിന്ന് ലഗേജ് കൈപ്പറ്റേണ്ടത്.

യാത്രക്കാര്‍ക്ക് തങ്ങളുടെ ലഗേജ് എവിടെയെത്തിയെന്ന് 'ട്രാക്ക് & ട്രേസ്' സേവനത്തിലൂടെ തത്സമയം അറിയാന്‍ സാധിക്കും. കൂടാതെ, ലഗേജ് ലക്ഷ്യസ്ഥാനത്ത് എത്തുമ്പോള്‍ മൊബൈലില്‍ എസ്എംഎസ് സന്ദേശവും ലഭിക്കും.

വ്യത്യസ്ത ക്ലാസുകളില്‍ യാത്രക്കാര്‍ക്ക് സൗജന്യമായി കൊണ്ടുപോകാവുന്ന ലഗേജിന്റെ അളവും, അധിക തുക നല്‍കി കൊണ്ടുപോകാന്‍ അനുമതിയുള്ള പരമാവധി പരിധിയും റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യന്‍ റെയില്‍വേയില്‍ യാത്രക്കാര്‍ക്ക് ഓരോ ക്ലാസ് അനുസരിച്ചും സൗജന്യമായും അധിക തുക നല്‍കിയും കൊണ്ടുപോകാവുന്ന ലഗേജിന്റെ അളവില്‍ വ്യത്യാസമുണ്ട്. സെക്കന്‍ഡ് ക്ലാസ് (ജനറല്‍) കോച്ചുകളില്‍ 35 കിലോഗ്രാം വരെ സൗജന്യമായി കൊണ്ടുപോകാന്‍ സാധിക്കുമ്പോള്‍, ചരക്കുകൂലി നല്‍കി പരമാവധി 70 കിലോഗ്രാം വരെ ലഗേജ് കൊണ്ടുപോകാവുന്നതാണ്.

സ്ലീപ്പര്‍ ക്ലാസ് യാത്രക്കാര്‍ക്ക് 40 കിലോഗ്രാം വരെ സൗജന്യവും 80 കിലോഗ്രാം വരെ ചരക്കുകൂലി നല്‍കിയും അനുവദനീയമാണ്. എന്നാല്‍ എസി 3-ടയര്‍, എസി ചെയര്‍ കാര്‍ എന്നിവയില്‍ സൗജന്യ പരിധി 40 കിലോഗ്രാമും, അധിക തുക നല്‍കി കൊണ്ടുപോകാവുന്ന പരമാവധി പരിധി 40 കിലോഗ്രാമുമാണ്. എസി കോച്ചുകളില്‍ നിശ്ചിത പരിധിക്കപ്പുറം അധിക ലഗേജ് അനുവദിക്കാറില്ല. അതേസമയം, ഫസ്റ്റ് ക്ലാസ് എസി യാത്രക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ ആനുകൂല്യം ലഭിക്കുന്നു; ഇവിടെ 70 കിലോഗ്രാം വരെ സൗജന്യമായും, ചരക്കുകൂലി നല്‍കി പരമാവധി 150 കിലോഗ്രാം വരെയും ലഗേജ് കൊണ്ടുപോകാന്‍ സാധിക്കും.