കാർപെറ്റിലേക്ക് തീപ്പൊരി വീണു; പുക ശ്വസിച്ച് മരിച്ച അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം നാട്ടിലെത്തിച്ചു
ഉറങ്ങിക്കിടക്കുന്നതിനിടെ കത്തിച്ചുവെച്ച അഗർബത്തിയിൽനിന്ന് വീണ തീപ്പൊരി കാർപെറ്റിലേക്ക് പടർന്നതാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്.
റിയാദ്: സൗദി അറേബ്യയിലെ ബുറൈദയിൽ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് ഇന്ത്യൻ യുവതിയും രണ്ടുവയസ്സുള്ള മകളും മരിച്ചു. ചെന്നൈ നാങ്ങനല്ലൂർ കാമരാജ് സ്ട്രീറ്റ് സ്വദേശികളായ രാജാറാം–രാജേശ്വരി ദമ്പതികളുടെ മകൾ ജയഭാരതി (37), മകൾ കാർത്തിക എന്നിവരാണ് മരിച്ചത്. ജൂലൈ 21-ന് രാത്രിയിലായിരുന്നു നാടിനെ നടുക്കിയ ദുരന്തം. ഇരുവരുടെയും മൃതദേഹങ്ങൾ പിന്നീട് നാട്ടിലെത്തിച്ചു.
ഉറങ്ങിക്കിടക്കുന്നതിനിടെ കത്തിച്ചുവെച്ച അഗർബത്തിയിൽനിന്ന് വീണ തീപ്പൊരി കാർപെറ്റിലേക്ക് പടർന്നതാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. തീപിടിത്തത്തെ തുടർന്ന് മുറിക്കുള്ളിൽ പുക വ്യാപിക്കുകയും ഇത് ശ്വസിച്ച ഇരുവരും മരിക്കുകയുമായിരുന്നു. ഫോറൻസിക് പരിശോധനയിലും പുക ശ്വസിച്ചതാണ് മരണകാരണമെന്ന് വ്യക്തമായതായി റിപ്പോർട്ടിൽ പറയുന്നു.
സംഭവസമയത്ത് ജയഭാരതിയുടെ ഭർത്താവ് ഗോകുൽ രാജ് തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്നു. ബുറൈദയിൽ ഇലക്ട്രോണിക് ടെക്നീഷ്യനായി ജോലി ചെയ്യുന്ന ഗോകുൽ രാജ് പുകയുടെ ഗന്ധം അനുഭവപ്പെട്ട് ഉണർന്നപ്പോഴാണ് ഭാര്യയുടെയും മകളുടെയും മരണവിവരം അറിഞ്ഞത്. വിവരമറിഞ്ഞ് അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി. അപകടത്തിന് ഒരാഴ്ച മുമ്പാണ് ജയഭാരതിയും മകളും സന്ദർശന വിസയിൽ സൗദിയിലെത്തിയത്.
Comments ()