കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി തൊഴിലാളി സമൂഹമായി ഇന്ത്യക്കാർ; എണ്ണം 5 ലക്ഷം കടന്നു
റിപ്പോർട്ട് അനുസരിച്ച്, കുവൈത്തിൽ 5,78,900 ഇന്ത്യൻ തൊഴിലാളികൾ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നു. ഗാർഹിക തൊഴിലാളികളെ ഒഴിവാക്കിയാൽ ആകെ പ്രവാസി തൊഴിലാളികളുടെ 25.5 ശതമാനം ഇന്ത്യക്കാരാണ്
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസി തൊഴിൽ രംഗത്ത് ഇന്ത്യക്കാർ വീണ്ടും മുന്നിലെത്തി. ലേബർ മാർക്കറ്റ് ഇൻഫർമേഷൻ സിസ്റ്റം പുറത്തിറക്കിയ പുതിയ റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഏറ്റവും വലിയ പ്രവാസി തൊഴിലാളി സമൂഹം ഇന്ത്യക്കാരാണ്.
റിപ്പോർട്ട് അനുസരിച്ച്, കുവൈത്തിൽ 5,78,900 ഇന്ത്യൻ തൊഴിലാളികൾ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നു. ഗാർഹിക തൊഴിലാളികളെ ഒഴിവാക്കിയാൽ ആകെ പ്രവാസി തൊഴിലാളികളുടെ 25.5 ശതമാനം ഇന്ത്യക്കാരാണ്.
രാജ്യത്തെ ആകെ തൊഴിലാളികളുടെ എണ്ണം 2025 ഡിസംബർ അവസാനത്തോടെ 30.4 ലക്ഷം ആയി ഉയർന്നു. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 3.3 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇന്ത്യക്കാർക്ക് പിന്നാലെ 4,67,900 തൊഴിലാളികളുമായി ഈജിപ്ത് രണ്ടാം സ്ഥാനത്തും, 4,41,200 തൊഴിലാളികളുമായി കുവൈത്ത് പൗരന്മാർ മൂന്നാം സ്ഥാനത്തുമാണ്. തുടർന്ന് ബംഗ്ലാദേശ്, നേപ്പാൾ, സിറിയ, പാകിസ്ഥാൻ, ഫിലിപ്പീൻസ്, ശ്രീലങ്ക, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളും പട്ടികയിൽ ഉൾപ്പെടുന്നു.
റിപ്പോർട്ട് പ്രകാരം, 2025-ൽ കുവൈത്തിലെ പ്രവാസി തൊഴിലാളികളുടെ എണ്ണം 18.3 ലക്ഷം ആയി വർധിച്ചെങ്കിലും, സ്വകാര്യ മേഖലയിലെ അവരുടെ വിഹിതം നേരിയ തോതിൽ കുറഞ്ഞതായി കാണുന്നു.
തൊഴിൽ മേഖലകളിൽ സ്വകാര്യ മേഖലയാണ് ഇപ്പോഴും ഏറ്റവും വലിയ തൊഴിൽദാതാവ്. ആകെ തൊഴിലാളികളിൽ 58.8 ശതമാനം (ഏകദേശം 17.9 ലക്ഷം പേർ) സ്വകാര്യ മേഖലയിലാണ് ജോലി ചെയ്യുന്നത്. മൊത്തവ്യാപാര-ചില്ലറവ്യാപാര മേഖല (21.4%), നിർമാണ മേഖല (14.3%), ഹോട്ടൽ-ഭക്ഷ്യ സേവന മേഖല (12.7%) എന്നിവയാണ് പ്രവാസി തൊഴിലാളികളുടെ പ്രധാന തൊഴിൽ കേന്ദ്രങ്ങൾ.
Comments ()