ടെക് ലോകത്ത് ഇന്ത്യയുടെ നേട്ടം; വാട്‌സ്ആപ്പ് നേതൃത്വം കുനാൽ ഷായ്ക്ക്

മെറ്റാ പ്ലാറ്റ്‌ഫോംസ്‌ ഇന്ത്യൻ ഫിൻടെക് സ്റ്റാർട്ടപ്പായ ക്രെഡിൽ 900 മില്യൺ ഡോളർ (ഏകദേശം 8,550 കോടി രൂപ) നിക്ഷേപിച്ചതിന് പിന്നാലെയാണ് ഈ വലിയ മാറ്റം ശ്രദ്ധ നേടുന്നത്

ടെക് ലോകത്ത് ഇന്ത്യയുടെ നേട്ടം; വാട്‌സ്ആപ്പ് നേതൃത്വം കുനാൽ ഷായ്ക്ക്
Kunal Shah

ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പിന്റെ നേതൃത്വത്തിലേക്ക് ഇനി ഇന്ത്യക്കാരനായ കുനാൽ ഷാ എത്തുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ക്രെഡ് (CRED) സ്ഥാപകനായ അദ്ദേഹം പുതിയ മേധാവിയായി ചുമതലയേൽക്കുമെന്നാണ് ടെക് ലോകത്ത് ചർച്ചയാകുന്നത്. മെറ്റാ പ്ലാറ്റ്‌ഫോംസ്‌ ഇന്ത്യൻ ഫിൻടെക് സ്റ്റാർട്ടപ്പായ ക്രെഡിൽ 900 മില്യൺ ഡോളർ (ഏകദേശം 8,550 കോടി രൂപ) നിക്ഷേപിച്ചതിന് പിന്നാലെയാണ് ഈ വലിയ മാറ്റം ശ്രദ്ധ നേടുന്നത്.

സീരീസ് എച്ച് (Series H) ഫണ്ടിങ് റൗണ്ടിലൂടെയാണ് മെറ്റാ ഈ നിക്ഷേപം നടത്തിയത്. ഇതോടെ ക്രെഡിലെ ഏകദേശം 20 ശതമാനം ഓഹരികൾ മെറ്റയ്ക്ക് ലഭിക്കുമെന്നും, കമ്പനിയുടെ ആകെ മൂല്യം 4.5 ബില്യൺ ഡോളർ (ഏകദേശം 43,239 കോടി രൂപ) ആയി ഉയർന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇന്ത്യൻ ഫിൻടെക് രംഗത്തെ വലിയ നിക്ഷേപ ഇടപാടുകളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ഈ കരാറിന്റെ ഭാഗമായി കുനാൽ ഷാ ക്രെഡിന്റെ സിഇഒ പദവിയിൽ നിന്ന് മാറി മെറ്റയുടെ ആഗോള നേതൃത്വ സംഘത്തിലേക്ക് പ്രവേശിക്കുമെന്ന സൂചനകളും ഉണ്ട്. വാട്‌സ്ആപ്പിന്റെ മുൻ മേധാവി വിൽ കാത്കാർട്ട് സ്ഥാനമൊഴിയുന്നതാണ് ഈ മാറ്റത്തിന് വഴിയൊരുക്കിയത്. അതേസമയം, ക്രെഡിന്റെ ഇടക്കാല സിഇഒയായി സ്ട്രാറ്റജി, ഫിനാൻസ് വിഭാഗം മേധാവിയായ മിറ്റൻ സമ്പത്ത് ചുമതലയേൽക്കും.

കുനാൽ ഷാ ഇന്ത്യൻ സ്റ്റാർട്ടപ്പ് ലോകത്തെ സുപരിചിതനായ സംരംഭകനാണ്. മുംബൈയിൽ ജനിച്ച അദ്ദേഹം വിൽസൺ കോളേജിൽ നിന്ന് ഫിലോസഫിയിൽ ബിരുദം നേടി. തുടർന്ന് എംബിഎ പഠനം ആരംഭിച്ചെങ്കിലും പിന്നീട് അത് ഉപേക്ഷിച്ചു. 2009-ൽ പൈസാബാക്ക് എന്ന ക്യാഷ്ബാക്ക് പ്ലാറ്റ്ഫോം ആരംഭിച്ച അദ്ദേഹം പിന്നീട് 2010-ൽ ഫ്രീചാർജ് സഹസ്ഥാപിച്ചു. 2015-ൽ സ്നാപ്ഡീൽ ഫ്രീചാർജിനെ ഏറ്റെടുത്തു. തുടർന്ന് 2018-ലാണ് ക്രെഡ് എന്ന സ്റ്റാർട്ടപ്പ് ആരംഭിച്ചത്.