ലഗേജ് കുറച്ചാൽ ടിക്കറ്റ് നിരക്കും കുറയും; പ്രവാസികൾക്ക് വൻ ഇളവുമായി ഇൻഡിഗോ
ആഭ്യന്തര, അന്തര്‍ദേശീയ റൂട്ടുകളിലെ നേരിട്ടുള്ള സര്‍വീസുകള്‍ക്കായി 'ഇന്‍ഡിഗോ ലൈറ്റ്' എന്ന പേരിലാണ് കമ്പനി പുതിയ ടിക്കറ്റ് നിരക്കുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.
ന്യൂഡല്‍ഹി: ലഗേജ് ഇല്ലാതെ കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ആകര്‍ഷകമായ ഓഫറുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ആഭ്യന്തര, അന്തര്‍ദേശീയ റൂട്ടുകളിലെ നേരിട്ടുള്ള സര്‍വീസുകള്‍ക്കായി 'ഇന്‍ഡിഗോ ലൈറ്റ്' എന്ന പേരിലാണ് കമ്പനി പുതിയ ടിക്കറ്റ് നിരക്കുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.
ചെക്ക്-ഇന്‍ ലഗേജുകള്‍ ഇല്ലാതെ, വെറും ഹാന്റ് ലഗേജ് (ക്യാബിന്‍ ബാഗേജ്) മാത്രം കരുതി എക്കണോമി ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ ഇളവ് ലഭിക്കുക. പുതിയ നിബന്ധന പ്രകാരം ഏഴ് കിലോ വരെ ഭാരമുള്ള ഒരു ക്യാബിന്‍ ബാഗ് യാത്രക്കാര്‍ക്ക് സൗജന്യമായി വിമാനത്തില്‍ ഒപ്പം കൂട്ടാം. യാത്രക്കാര്‍ ഉപയോഗിക്കുന്ന സേവനങ്ങള്‍ക്ക് മാത്രം പണം ഈടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്‍ഡിഗോ ഈ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റ് പ്ലാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ ആനുകൂല്യം ജൂലൈ 15 മുതല്‍ പ്രാബല്യത്തില്‍ വരും. ഈ ഓഫര്‍ ഇന്‍ഡിഗോയുടെ വെബ്സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍, കോണ്‍ടാക്റ്റ് സെന്റര്‍ തുടങ്ങിയ നേരിട്ടുള്ള പ്ലാറ്റ്ഫോമുകള്‍ വഴി മാത്രമാണ് ലഭ്യമാകുന്നത്. സീറ്റുകള്‍ തനിയെ അലോട്ട് ചെയ്യപ്പെടുന്ന രീതിയിലുള്ള കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ യാത്രയ്ക്കിടയില്‍ അധികമായി ലഗേജ്, ഭക്ഷണം, ഇഷ്ടപ്പെട്ട സീറ്റുകള്‍ തുടങ്ങിയ ആവശ്യങ്ങളുണ്ടെങ്കില്‍ അധിക തുക നല്‍കി ആഡ് ഓണ്‍ ചെയ്യുകയും ചെയ്യാം. ഈ ഓഫറിലൂടെ സാധാരണയില്‍ നിന്നും ടിക്കറ്റ് വിലയില്‍ 400 രൂപ മുതല്‍ 500 രൂപ വരെ കുറഞ്ഞുകിട്ടും.
Comments ()