പൈലറ്റിന് ശാരീരികാസ്വാസ്ഥ്യം; ദോഹ-ബെം​ഗളൂരു ഇൻഡി​ഗോ വിമാനം മസ്കറ്റിലേക്ക് തിരിച്ചുവിട്ടു

പൈലറ്റുമാരിൽ ഒരാൾക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതാണ് വിമാനം തിരിച്ചുവിടാൻ കാരണമായതെന്നാണ് റിപ്പോർട്ട്.

പൈലറ്റിന് ശാരീരികാസ്വാസ്ഥ്യം; ദോഹ-ബെം​ഗളൂരു ഇൻഡി​ഗോ വിമാനം മസ്കറ്റിലേക്ക് തിരിച്ചുവിട്ടു

ദോഹയിൽനിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ഇൻഡിഗോയുടെ 6E 1302 എയർബസ് A320NEO വിമാനം, പൈലറ്റുമാരിൽ ഒരാൾക്ക് പെട്ടെന്ന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മസ്കറ്റ് വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു. വ്യാഴാഴ്ച പുലർച്ചെ ഒരു മണിക്കൂറോളം വൈകി മൂന്ന് മണിക്ക് ദോഹയിൽനിന്ന് യാത്ര തിരിച്ച വിമാനത്തിൽനിന്ന്, അടിയന്തര സാഹചര്യങ്ങൾ അറിയിക്കാനുള്ള 'മേയ്ഡേ' (Mayday) സന്ദേശം നൽകിയ ശേഷമാണ് മസ്കറ്റിലേക്ക് വഴിതിരിച്ചുവിട്ടത്.

രണ്ടു പൈലറ്റുമാർ സർവീസ് നടത്തുന്ന ഇത്തരം വിമാനങ്ങളിൽ ഒരാൾക്ക് അസുഖം ബാധിച്ചാൽ രണ്ടാമത്തെയാൾക്ക് വിമാനം സുരക്ഷിതമായി പറത്താനാകുമെങ്കിലും ജോലിഭാരം ലഘൂകരിക്കുന്നതിനും വൈദ്യസഹായം ഉറപ്പാക്കുന്നതിനുമായി അടുത്തുള്ള എയർപോർട്ടിൽ ഇറക്കുകയാണ് പതിവ്. തുടർന്ന് മസ്കറ്റിൽ സുരക്ഷിതമായി ലാൻഡ് ചെയ്ത വിമാനത്തിലെ ക്രൂ അംഗത്തിന് ഉടനടി മെഡിക്കൽ ടീം ആവശ്യമായ ചികിത്സ ലഭ്യമാക്കുകയും അദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്ന് ഇൻഡിഗോ അറിയിക്കുകയും ചെയ്തു. ഒപ്പം, തടസ്സപ്പെട്ട യാത്ര പൂർത്തിയാക്കാൻ യാത്രക്കാർക്കായി മറ്റൊരു വിമാനം ഏർപ്പാടാക്കിയ കമ്പനി, മസ്കറ്റ് വിമാനത്താവളത്തിൽ കാത്തിരുന്ന യാത്രക്കാർക്ക് ലഘുഭക്ഷണവും മറ്റ് സൗകര്യങ്ങളും ഉറപ്പാക്കി.