സൗദി വിസ നടപടികളിൽ മാറ്റം; ഹൗസ് ഡ്രൈവർമാർക്ക് സ്കിൽ ടെസ്റ്റ് നിർബന്ധം
വിസ സ്റ്റാമ്പിങ്ങിന് മുമ്പ് തന്നെ ഉദ്യോഗാർഥികൾ നൈപുണ്യ പരിശോധന പൂർത്തിയാക്കണം. തിയറി, പ്രാക്ടിക്കൽ വിഭാഗങ്ങളാണ് പരീക്ഷയിലുള്ളത്. പരീക്ഷ പാസായാൽ മാത്രമേ തുടർ വിസ നടപടികളിലേക്ക് കടക്കാൻ കഴിയൂ
റിയാദ്: സൗദിയിൽ ഹൗസ് ഡ്രൈവർ ജോലിക്കായി പോകുന്ന ഇന്ത്യക്കാരുടെ വിസ നടപടികളിൽ പുതിയ നിബന്ധന നിലവിൽ വന്നു. സെപ്റ്റംബർ 21 മുതൽ ഹൗസ് ഡ്രൈവർ വിസയ്ക്ക് സ്കിൽ ടെസ്റ്റ് വിജയിച്ചിരിക്കണമെന്ന വ്യവസ്ഥയാണ് പ്രാബല്യത്തിൽ വന്നത്. സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ ‘സ്കിൽ വെരിഫിക്കേഷൻ പ്രോഗ്രാമി’ന്റെ ഭാഗമായാണ് പരീക്ഷ നടത്തുന്നത്.
വിസ സ്റ്റാമ്പിങ്ങിന് മുമ്പ് തന്നെ ഉദ്യോഗാർഥികൾ നൈപുണ്യ പരിശോധന പൂർത്തിയാക്കണം. തിയറി, പ്രാക്ടിക്കൽ വിഭാഗങ്ങളാണ് പരീക്ഷയിലുള്ളത്. പരീക്ഷ പാസായാൽ മാത്രമേ തുടർ വിസ നടപടികളിലേക്ക് കടക്കാൻ കഴിയൂ. സൗദി ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് പ്ലാറ്റ്‌ഫോമായ മുസാനിദിലും സ്കിൽ ടെസ്റ്റ് സംബന്ധിച്ച ഓപ്ഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിൽ നിലവിൽ കൊച്ചിയിലാണ് പരീക്ഷയ്ക്കുള്ള കേന്ദ്രം. ഇതിന് പുറമെ ബെംഗളൂരു, മുംബൈ, മധുരൈ, ലഖ്നൗ, ഗാസിയാബാദ്, അജ്മീർ, അഹമ്മദാബാദ് എന്നിവിടങ്ങളിലും അംഗീകൃത കേന്ദ്രങ്ങളുണ്ട്. പരീക്ഷയ്ക്ക് എത്തുന്നതിന് മുമ്പ് സ്കിൽ ടെസ്റ്റ് പ്രോഗ്രാമിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി പാസ്‌പോർട്ട് വിവരങ്ങൾ നൽകി അപ്പോയിന്റ്മെന്റ് എടുക്കണം.
മറ്റ് ഗാർഹിക തൊഴിലാളി വിസകൾക്ക് നിലവിൽ ഇതേ നിബന്ധന ബാധകമല്ല. അതേസമയം, സൗദിയിലേക്കുള്ള ലേബർ വിഭാഗം വിസകളിൽ സ്കിൽ ടെസ്റ്റ് സംവിധാനം നേരത്തെ തന്നെ ഘട്ടംഘട്ടമായി നടപ്പാക്കിയിരുന്നു. ലോഡിങ്, അൺലോഡിങ് ജോലികൾ ഉൾപ്പെടെയുള്ള വിവിധ ലേബർ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. സൗദിയിലെ തൊഴിൽ വിപണി കൂടുതൽ നൈപുണ്യാധിഷ്ഠിതമാക്കാനുള്ള പരിഷ്കരണ നടപടികളുടെ ഭാഗമായാണ് സ്കിൽ വെരിഫിക്കേഷൻ സംവിധാനം നടപ്പാക്കുന്നത്.
Comments ()