ഇൻഡിഗോ വിമാനത്തിൽ ഹൈജാക്ക് ഭീഷണി, ബെംഗളൂരുവിൽ അടിയന്തരമായി തിരിച്ചിറക്കി
വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ശുചിമുറിയിൽ ഭീഷണിക്കുറിപ്പ് കണ്ടെത്തി.
ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് ലഖ്നൗവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ വിമാനം തട്ടിക്കൊണ്ടുപോകുമെന്ന തരത്തിൽ ശുചിമുറിയിൽ ഭീഷണിക്കുറിപ്പ് കണ്ടെത്തി. കൃത്യം 6.30-ന് വിമാനം ഹൈജാക്ക് ചെയ്യുമെന്നായിരുന്നു കുറിപ്പിലെ ഭീഷണി. ഭീഷണിയെ തുടർന്ന് വിമാനം ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി തിരികെ ഇറക്കി. തുടര്‍ന്ന് സുരക്ഷാ സേനയും അധികൃതരും ചേര്‍ന്ന് വിമാനത്തില്‍ വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ല.
178 യാത്രക്കാരുമായി വൈകുന്നേരം 5:50-ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട 6E451 നമ്പർ ഇൻഡിഗോ വിമാനത്തിലെ ശുചിമുറിയിലാണ് ഒരു യാത്രക്കാരൻ ആദ്യമായി ഈ ഭീഷണിക്കുറിപ്പ് കണ്ടത്. "ഈ വിമാനം കൃത്യം 06:30-ന് തട്ടിയെടുക്കും. ഇത് അവഗണിച്ചാൽ പ്രത്യാഘാതം നേരിടേണ്ടി വരും" എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. യാത്രക്കാരൻ ഉടനടി വിവരമറിയിച്ചതിനെ തുടർന്ന് ക്യാബിൻ ക്രൂ പൈലറ്റിന് സന്ദേശം കൈമാറി. പൈലറ്റ് ഉടൻ തന്നെ എയർ ട്രാഫിക് കൺട്രോളുമായി (ATC) ബന്ധപ്പെടുകയും മുൻകരുതലെന്ന നിലയിൽ വിമാനം ബെംഗളൂരുവിലേക്ക് തന്നെ തിരിച്ചുവിടുകയുമായിരുന്നു.
വിമാനം സുരക്ഷിതമായി കെംപെഗൗഡ വിമാനത്താവളത്തിൽ നിലത്തിറക്കിയ ഉടൻ എല്ലാ യാത്രക്കാരെയും പുറത്തെത്തിച്ചു. വിമാനത്തിനുള്ളിൽ ഉണ്ടായിരുന്ന യാത്രക്കാരിൽ ആരോ തന്നെയാണ് കുറിപ്പ് വച്ചതെന്ന സംശയത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ മുഴുവൻ യാത്രക്കാരെയും സുരക്ഷാ പരിശോധനയ്ക്കും ചോദ്യം ചെയ്യലിനും വിധേയമാക്കി. എന്നാൽ കുറിപ്പ് എഴുതി വച്ചത് ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. സുരക്ഷാ ഏജൻസികളുടെ പൂർണ്ണ പരിശോധനയ്ക്കും അനുമതിക്കും ശേഷം മാത്രമേ വിമാനത്തിന് യാത്ര തുടരാൻ സാധിക്കൂ എന്ന് അധികൃതർ വ്യക്തമാക്കി.
സംഭവത്തിൽ ഇൻഡിഗോ ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തിറക്കി. "കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ബന്ധപ്പെട്ട അധികാരികളെ ഉടൻ തന്നെ വിവരമറിയിക്കുകയും, സുരക്ഷാ പരിശോധനകൾക്കായി വിമാനം പുറപ്പെട്ട വിമാനത്താവളത്തിലേക്ക് തന്നെ തിരികെ എത്തിക്കാൻ പൈലറ്റുമാർ തീരുമാനിക്കുകയുമായിരുന്നു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നു. ഭക്ഷണം ഉൾപ്പെടെയുള്ള എല്ലാവിധ സഹായങ്ങളും യാത്രക്കാർക്കായി ഏർപ്പെടുത്തിയിട്ടുണ്ട്" എന്ന് കമ്പനി അറിയിച്ചു.
Comments ()