ജീവനക്കാര്‍ക്ക് ദീപാവലി ബോണസായി ലക്ഷം രൂപ; സൂറത്ത് വ്യപാരിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗം
സൂറത്തിലെ പ്രമുഖ വസ്ത്രവ്യാപാരിയായ രാംസ്വരൂപ് മുണ്ടെയാണ് ജീവനക്കാർക്ക് വലിയ തുക ബോണസായി നൽകിയത്.
സൂറത്ത്: ജീവനക്കാര്‍ക്ക് ദീപാവലി ബോണസായി ഒരു ലക്ഷം രൂപ വീതം നല്‍കി മാതൃകയായിരിക്കുകയാണ് സൂറത്തിലെ പ്രമുഖ വസ്ത്രവ്യാപാരിയായ രാംസ്വരൂപ് മുണ്ടെ. വനിതാ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപയും മറ്റ് വിലപിടിപ്പുള്ള സമ്മാനങ്ങളും അദ്ദേഹം സമ്മാനിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. സമ്മാനങ്ങള്‍ ഏറ്റുവാങ്ങി വികാരാധീനരായി കണ്ണീരണിഞ്ഞ ജീവനക്കാരെയും വിഡിയോയില്‍ കാണാം.
തന്റെ വിജയത്തിന് പിന്നില്‍ രാപ്പകലില്ലാതെ അക്ഷീണം പ്രയത്നിക്കുന്ന ജീവനക്കാരുടെ കഠിനാധ്വാനമുണ്ടെന്നും അതുകൊണ്ടുതന്നെ പ്രശസ്തിക്കുവേണ്ടിയല്ല താൻ ഈ സമ്മാനങ്ങള്‍ നല്‍കിയതെന്നും രാംസ്വരൂപ് വ്യക്തമാക്കുന്നു. ‘‘എന്റെ വിജയത്തിനും നേട്ടത്തിനും കാരണം ഇവരാണ്. ആ കടപ്പാട് എനിക്ക് ജീവനക്കാരോടുണ്ട്. അവരെയും ഒപ്പം കൂട്ടിക്കൊണ്ട് മുന്നോട്ട് പോകുന്നതിലാണ് യഥാര്‍ത്ഥ സന്തോഷം’’– അദ്ദേഹം പറയുന്നു. കഴിഞ്ഞ വര്‍ഷവും തന്റെ ജീവനക്കാര്‍ക്ക് രാംസ്വരൂപ് സമാനമായ രീതിയില്‍ സമ്മാനങ്ങള്‍ നല്‍കി ആദരിച്ചിരുന്നു.
Comments ()