ഇന്ധന വില ഉയര്ന്നു; വിമാന ടിക്കറ്റ് നിരക്ക് വര്ധിപ്പിച്ച് ഇന്ഡിഗോ
ആഭ്യന്തര സര്വീസുകളില് 375 രൂപ മുതല് 1,300 രൂപ വരെ നിരക്ക് വര്ധനവ് ഉണ്ടായേക്കും
വിമാന ഇന്ധനമായ എടിഎഫിന്റെ (ATF) വില വർധിച്ചതിനെത്തുടർന്ന് രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ ടിക്കറ്റ് നിരക്കുകൾ കൂട്ടി. ഇന്നു മുതൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് അധിക ഇന്ധന സെസ് ബാധകമാകുന്നത്. ആഭ്യന്തര സർവീസുകളിൽ 375 രൂപ മുതൽ 1,300 രൂപ വരെയും, അന്താരാഷ്ട്ര സർവീസുകളിൽ അതിനനുസൃതമായി ഉയർന്ന തുകയുമാണ് നിരക്കിൽ വർധിക്കുക.
മിഡിൽ ഈസ്റ്റിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങളെത്തുടർന്ന് കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് എടിഎഫ് വിലയിൽ 14 ശതമാനത്തിലധികം വർധനവുണ്ടായിട്ടുണ്ട്. ഇത് ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കുകളിലൊന്നാണ്. വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിൽ സിംഹഭാഗവും ഇന്ധനച്ചെലവായതിനാൽ, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ആഭ്യന്തര-അന്താരാഷ്ട്ര റൂട്ടുകളിൽ നിരക്ക് പുനർനിർണ്ണയിക്കാൻ നിർബന്ധിതരാകുകയായിരുന്നുവെന്ന് ഇൻഡിഗോ വ്യക്തമാക്കുന്നു.
ഇതിനു പുറമേ, കഴിഞ്ഞ സെപ്റ്റംബർ മുതൽ വിവിധ അനുബന്ധ സേവന നിരക്കുകളും കമ്പനി ഉയർത്തിയിരുന്നു. ആഭ്യന്തര യാത്രകളിൽ കൈക്കുഞ്ഞുങ്ങൾക്കുള്ള നിരക്ക് 2,200 രൂപയിൽ നിന്ന് 3,000 രൂപയായി ഉയർത്തി. മുതിർന്നവരുടെ സഹായമില്ലാതെ യാത്ര ചെയ്യുന്ന കുട്ടികൾക്ക് ആഭ്യന്തര റൂട്ടുകളിൽ 5,999 രൂപയും അന്താരാഷ്ട്ര റൂട്ടുകളിൽ 12,999 രൂപയുമാണ് സർവീസ് ചാർജ്. കൂടാതെ 'ഫാസ്റ്റ് ഫറോവേഡ്' സേവനത്തിന് 650 രൂപയും യാത്രാ സർട്ടിഫിക്കറ്റിന് 300 രൂപയും നൽകേണ്ടതുണ്ട്.
Comments ()