35,000 രൂപയുടെ മദ്യക്കുപ്പി പൊട്ടി; ഇൻഡിഗോ എയർലൈൻസിന് 55,000 രൂപ പിഴ ചുമത്തി ഉപഭോക്തൃ കമ്മീഷൻ

മദ്യക്കുപ്പി ചെക്ക് ഇന്‍ ബാഗേജിലുണ്ടായിരുന്നു. ചെന്നൈയിലെത്തി ബാഗ് പരിശോധിച്ചപ്പോഴാണ് കുപ്പി പൊട്ടിയതായി കണ്ടെത്തിയത്.

35,000 രൂപയുടെ മദ്യക്കുപ്പി പൊട്ടി; ഇൻഡിഗോ എയർലൈൻസിന് 55,000 രൂപ പിഴ ചുമത്തി ഉപഭോക്തൃ കമ്മീഷൻ

ഹൈദരാബാദ്: വിമാനയാത്രയ്ക്കിടെ യാത്രക്കാരന്റെ ലഗേജിലുണ്ടായിരുന്ന വിലകൂടിയ മദ്യക്കുപ്പി പൊട്ടിയതിന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് 55,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈദരാബാദ് ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു. സുരക്ഷിതമായി പായ്ക്ക് ചെയ്ത ബാഗേജിന് കേടുപാടുകള്‍ സംഭവിക്കുന്നത് വിമാനക്കമ്പനിയുടെ കടുത്ത അനാസ്ഥയാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. മുന്‍പ് ഇന്‍ഡിഗോ നല്‍കിയ 500 രൂപയുടെ വൗച്ചര്‍ അന്യായമാണെന്നും ഉപഭോക്തൃ കമ്മീഷന്‍ വ്യക്തമാക്കി.

ഡല്‍ഹിയില്‍ നിന്ന് ചെന്നൈയിലേക്ക് യാത്ര ചെയ്ത വിനീത് മദ്ദാല എന്ന യാത്രക്കാരനാണ് ഇന്‍ഡിഗോയ്‌ക്കെതിരെ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. ഇദ്ദേഹത്തിന്റെ ചെക്ക്-ഇന്‍ ബാഗേജിലുണ്ടായിരുന്ന, ഏകദേശം 35,000 രൂപ വിലമതിക്കുന്ന പ്രീമിയം മദ്യക്കുപ്പി ചെന്നൈയിലെത്തി പരിശോധിച്ചപ്പോഴാണ് പൊട്ടിയതായി കണ്ടത്. തുടര്‍ന്ന് ഇമെയില്‍ വഴി പരാതി നല്‍കിയെങ്കിലും കുപ്പി പോലുള്ള വസ്തുക്കള്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ കൊണ്ടുപോകണമെന്ന മറുപടിയാണ് ഇന്‍ഡിഗോ നല്‍കിയത്. പരിഹാരമായി 500 രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍ മാത്രമാണ് വിമാനക്കമ്പനി നല്‍കിയത്. ഇതോടെയാണ് യാത്രക്കാരന്‍ നിയമനടപടിയുമായി മുന്നോട്ടുപോയത്.

സുരക്ഷിതമായി പായ്ക്ക് ചെയ്ത വസ്തുക്കള്‍ സാധാരണ യാത്രയില്‍ തകരില്ലെന്നും, ഗ്രൗണ്ട് സ്റ്റാഫിന്റെ കടുത്ത അശ്രദ്ധയും ലഗേജ് വലിച്ചെറിഞ്ഞതുമാണ് കുപ്പി പൊട്ടാന്‍ കാരണമെന്നും ഉപഭോക്തൃ കമ്മീഷന്‍ നിരീക്ഷിച്ചു. പൊട്ടാന്‍ സാധ്യതയുള്ള വസ്തുക്കളുടെ ഉത്തരവാദിത്തം യാത്രക്കാരനാണെന്ന് പറഞ്ഞ് എയര്‍ലൈന്‍സിന് ഒഴിഞ്ഞുമാറാനാകില്ല. ശരിയായി പായ്ക്ക് ചെയ്ത വസ്തുക്കള്‍ ഏറ്റുവാങ്ങുമ്പോള്‍ അത് സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ള ബാധ്യത വിമാനക്കമ്പനിക്കുണ്ട്. കമ്പനിയുടെ ഭാഗത്തുനിന്ന് കടുത്ത വീഴ്ചയുണ്ടായെന്ന് വ്യക്തമാക്കിയാണ് കമ്മീഷന്‍ 55,000 രൂപ പിഴ വിധിച്ച് ഉത്തരവിട്ടത്.