മലപ്പുറത്ത് എട്ടുമാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി; കുഞ്ഞിന് ദാരുണാന്ത്യം, അമ്മക്കെതിരെ കേസ്

മുണ്ടക്കുളത്ത് എട്ടുമാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റില്‍ ചാടിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു.

മലപ്പുറത്ത് എട്ടുമാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി; കുഞ്ഞിന് ദാരുണാന്ത്യം, അമ്മക്കെതിരെ കേസ്

മലപ്പുറം: മുണ്ടക്കുളത്ത് എട്ടുമാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടിയ സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് മാതാവ് വിഞ്ജുഷയ്ക്കെതിരെ കേസെടുത്തു. മരണപ്പെട്ട മകൻ സയാൻ സിദ്ധിന്റെ മരണവുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇന്നലെ രാവിലെ ഒൻപതുമണിയോടെയാണ് വിഞ്ജുഷയെയും കുഞ്ഞിനെയും വീട്ടിൽനിന്ന് കാണാതാവുന്നത്. ശ്രീനാഥിന്റെ അമ്മ ക്ഷേത്രത്തിൽനിന്ന് മടങ്ങിയെത്തിയപ്പോഴാണ് ഇരുവരെയും കാണാനില്ലെന്ന വിവരം ശ്രദ്ധയിൽപ്പെട്ടത്. വിഞ്ജുഷ സ്വന്തം ഫോൺ വീട്ടിൽത്തന്നെ ഉപേക്ഷിച്ചിരുന്നതിനാൽ ബന്ധുക്കളും നാട്ടുകാരും ചേർന്ന് പ്രദേശത്ത് തിരച്ചിൽ ആരംഭിക്കുകയായിരുന്നു.

ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടെ മുണ്ടക്കുളം സ്കൂൾ ഗ്രൗണ്ടിന് സമീപത്തെ കിണറ്റിലാണ് ഇവരെ കണ്ടെത്തിയത്. കിണർ മൂടിയിരുന്ന വലയിൽ കണ്ട വിടവ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അമ്മയും കുഞ്ഞും ഉള്ളിലുണ്ടെന്ന് തിരിച്ചറിഞ്ഞത്. കുഞ്ഞിനെ മാറോടണച്ച് കിണറിന്റെ പടവിൽ പിടിച്ചുനിൽക്കുന്ന നിലയിലായിരുന്നു വിഞ്ജുഷ. നാട്ടുകാർ ഇരുവരെയും ഉടൻ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ വിഞ്ജുഷ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പെന്ന് കരുതുന്ന ഒരെണ്ണം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ ഇത് ആത്മഹത്യാശ്രമമാണെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വ്യക്തമാക്കുന്നതിനായി പൊലീസ് അന്വേഷണം തുടരുകയാണ്.