ശുവൈഖ് വ്യവസായ മേഖലയിൽ പരിശോധന; നിയമലംഘനം നടത്തിയ 48 പ്രവാസികൾ പിടിയിൽ
പ്രദേശത്തെ 120 സ്ഥാപനങ്ങളിലാണ് അധികൃതർ പരിശോധന നടത്തിയത്. ജീവനക്കാരുടെ താമസ രേഖകളും തൊഴിൽ അനുമതികളും മറ്റ് ഔദ്യോഗിക രേഖകളും പരിശോധിച്ച് നിയമലംഘനങ്ങൾ കണ്ടെത്തുകയായിരുന്നു.
കുവൈത്ത് സിറ്റി: താമസ, തൊഴിൽ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി കുവൈത്തിലെ ശുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ നടത്തിയ പരിശോധനയിൽ 48 പ്രവാസികൾ അറസ്റ്റിലായി. ആഭ്യന്തര മന്ത്രാലയത്തിലെ വിവിധ വിഭാഗങ്ങളും പബ്ലിക് അതോറിറ്റി ഫോർ മാൻപവറും ചേർന്നാണ് പരിശോധന നടത്തിയത്.
പ്രദേശത്തെ 120 സ്ഥാപനങ്ങളിലാണ് അധികൃതർ പരിശോധന നടത്തിയത്. ജീവനക്കാരുടെ താമസ രേഖകളും തൊഴിൽ അനുമതികളും മറ്റ് ഔദ്യോഗിക രേഖകളും പരിശോധിച്ച് നിയമലംഘനങ്ങൾ കണ്ടെത്തുകയായിരുന്നു.
പിടിയിലായവരിൽ സ്വകാര്യ മേഖലയിലെ റെസിഡൻസി നിയമങ്ങൾ ലംഘിച്ച 36 പേരും ഗാർഹിക തൊഴിലാളി വിസയുമായി ബന്ധപ്പെട്ട നിയമലംഘനം നടത്തിയ ഒമ്പത് പേരും ഉൾപ്പെടുന്നു. ഒളിവിൽ കഴിയുന്ന കേസുമായി ബന്ധപ്പെട്ട ഒരാൾ, നിലവിലില്ലാത്ത സ്ഥാപനത്തിന്റെ പേരിൽ ആർട്ടിക്കിൾ 18 വിസ നേടിയ ഒരാൾ, കുടുംബ/ഡിപ്പെൻഡന്റ് വിസ ചട്ടങ്ങൾ ലംഘിച്ച ഒരാൾ എന്നിവരും അറസ്റ്റിലായി.
അറസ്റ്റിലായവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ച ശേഷം തുടർ നടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. താമസ, തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധനകൾ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി
Comments ()