ഓർഡർ ചെയ്ത വസ്ത്രം കിട്ടിയില്ല; 'കേസിന് പോയ്‌ക്കോളൂ' എന്ന് വെല്ലുവിളിച്ചു; ബൂട്ടീക്കിന് ₹36,880 പിഴ ചുമത്തി ഉപഭോക്തൃ കമ്മീഷൻ

റീഫണ്ട് ആവശ്യപ്പെട്ടപ്പോള്‍ നിയമനടപടി സ്വീകരിക്കാമെന്ന് മറുപടി ലഭിച്ചതായും പരാതിക്കാരി ചൂണ്ടിക്കാട്ടി

ഓർഡർ ചെയ്ത വസ്ത്രം കിട്ടിയില്ല; 'കേസിന് പോയ്‌ക്കോളൂ' എന്ന് വെല്ലുവിളിച്ചു; ബൂട്ടീക്കിന് ₹36,880 പിഴ ചുമത്തി ഉപഭോക്തൃ കമ്മീഷൻ

കൊല്ലം: വിവാഹത്തിന് ഓര്‍ഡര്‍ ചെയ്ത വസ്ത്രം സമയത്തിന് നല്‍കാത്തതിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ ബുട്ടിക്കിന് 36,880 രൂപ പിഴ വിധിച്ച് കൊല്ലം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. കൊല്ലം സ്വദേശിനി ദേവിപ്രിയ നല്‍കിയ പരാതിയിലാണ് ഈ നടപടി. 2025 ഫെബ്രുവരിയില്‍ ഇന്‍സ്റ്റാഗ്രാം വഴി ഓര്‍ഡര്‍ ചെയ്ത രണ്ട് വസ്ത്രങ്ങളില്‍ ഒരെണ്ണം മാത്രമാണ് മേയ് 14-ന് പരാതിക്കാരിക്ക് ലഭിച്ചത്. രണ്ടാമത്തെ വസ്ത്രം ലഭിക്കാതെ വരികയും, റീഫണ്ട് ആവശ്യപ്പെട്ടപ്പോള്‍ നിയമനടപടി സ്വീകരിക്കാന്‍ സ്ഥാപനം മറുപടി നല്‍കുകയും ചെയ്തതിനെ തുടര്‍ന്നാണ് ദേവിപ്രിയ കമ്മീഷനെ സമീപിച്ചത്.

പണം തിരികെ ആവശ്യപ്പെട്ട് നിരവധി തവണ ഫോണ്‍ വഴിയും മെസ്സേജുകളിലൂടെയും ബന്ധപ്പെട്ടെങ്കിലും ആദ്യം 50 ശതമാനം തുക മാത്രം നല്‍കാം എന്ന് പറഞ്ഞ് ബൂട്ടിക് അധികൃതര്‍ വാഗ്ദാനം ലംഘിച്ചു. തുടര്‍ന്ന് മെയ് 21-ന് നടന്ന വാട്സ്ആപ്പ് കോളില്‍, പണം റീഫണ്ട് ചെയ്യില്ലെന്നും വേണമെങ്കില്‍ കേസിന് പൊയ്ക്കോളൂ എന്നും ബൂട്ടിക് പ്രതിനിധി വെല്ലുവിളിക്കുകയായിരുന്നു.

കേസ് പരിഗണിച്ച കമ്മീഷന്‍ അയച്ച നോട്ടീസ് 'ഡിരഹമശാലറ' ആയി തിരികെ വന്നുവെങ്കിലും, അത് നോട്ടീസ് ലഭിച്ചതായിത്തന്നെ കണക്കാക്കി നടപടികള്‍ മുന്നോട്ട് കൊണ്ടുപോയി. കമ്മീഷനു മുന്നില്‍ ഹാജരാകാനോ മറുപടി നല്‍കാനോ ബൂട്ടിക് തയ്യാറായില്ല. പരാതിക്കാരി ഹാജരാക്കിയ ഗൂഗിള്‍ പേ രസീതുകള്‍, ഇമെയില്‍ സന്ദേശങ്ങള്‍, ഓര്‍ഡര്‍ രേഖകള്‍ എന്നിവ വിശദമായി പരിശോധിച്ച ശേഷം കമ്മീഷന്‍ പരാതിക്കാരിയുടെ വാദങ്ങള്‍ പൂര്‍ണ്ണമായും അംഗീകരിച്ചു.

സോഷ്യല്‍ മീഡിയ വഴി നടത്തുന്ന എല്ലാവിധ വ്യാപാര ഇടപാടുകള്‍ക്കും ഉപഭോക്തൃ സംരക്ഷണ നിയമം, 2019 പൂര്‍ണ്ണമായും ബാധകമാണെന്ന് ഉപഭോക്തൃ കമ്മീഷന്‍ വ്യക്തമാക്കി.