അന്താരാഷ്ട്ര കബഡി താരത്തിന്റെ ഭാര്യ വീട്ടിൽ മരിച്ചനിലയിൽ; ഭർതൃപീഡന ആരോപണവുമായി കുടുംബം
സംഭവവിവരം അറിഞ്ഞെത്തിയ മസ്കന്റെ ബന്ധുക്കൾ ഷീലു ബൽഹാരയുടെ വീടിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. മസ്കന്റെ മരണത്തിന് പിന്നിൽ ഭർതൃപീഡനമാണെന്നാണ് കുടുംബത്തിന്റെ ആരോപണം
റോഹ്ത്തക്ക്: ഹരിയാനയിൽ അന്താരാഷ്ട്ര കബഡി താരത്തിന്റെ ഭാര്യയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്ത്. കബഡി താരം ഷീലു ബൽഹാരയുടെ ഭാര്യ മസ്കൻ ബൽഹാര (23) ആണ് വെള്ളിയാഴ്ച ബാഹു അക്ബർപുർ ഗ്രാമത്തിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവവിവരം അറിഞ്ഞെത്തിയ മസ്കന്റെ ബന്ധുക്കൾ ഷീലു ബൽഹാരയുടെ വീടിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. മസ്കന്റെ മരണത്തിന് പിന്നിൽ ഭർതൃപീഡനമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
സംഭവത്തെ തുടർന്ന് ഷീലു ബൽഹാരയെയും കുടുംബാംഗങ്ങളെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. ഫൊറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ച ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി റോഹ്ത്തക്കിലെ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
2023 ഡിസംബറിലായിരുന്നു ഷീലു ബൽഹാരയും ഫർമാന സ്വദേശിനിയായ മസ്കനും വിവാഹിതരായത്. ദമ്പതികൾക്ക് ഒൻപത് മാസം പ്രായമുള്ള ഒരു മകനുണ്ട്. ദേശീയ-അന്തർദേശീയ കബഡി മത്സരങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് ഷീലു ബൽഹാര. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും മരണത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ എല്ലാ വശങ്ങളും പരിശോധിച്ചുവരുകയാണെന്നും പൊലീസ് അറിയിച്ചു.
Comments ()