വിലക്കയറ്റ സൂചനകൾ: ഇന്ത്യയിൽ ഐഫോൺ 17 വാങ്ങാൻ വൻ തിരക്ക്, വിപണിയിൽ സ്റ്റോക്ക് ക്ഷാമം

വിലക്കയറ്റ സൂചനകൾ: ഇന്ത്യയിൽ ഐഫോൺ 17 വാങ്ങാൻ വൻ തിരക്ക്, വിപണിയിൽ സ്റ്റോക്ക് ക്ഷാമം

ആപ്പിള്‍ ഐഫോണ്‍ 17 മോഡലുകളുടെ വില വര്‍ധിക്കുമെന്ന സൂചനകളെ തുടര്‍ന്ന് ഇന്ത്യന്‍ വിപണിയില്‍ ഫോണിനായുള്ള ആവശ്യം കുത്തനെ ഉയര്‍ന്നു. ഉപഭോക്താക്കളുടെ ഈ വര്‍ധിച്ച ഡിമാന്‍ഡ് കാരണം മുന്‍നിര റീട്ടെയില്‍ സ്റ്റോറുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും ഐഫോണ്‍ 17 മോഡലുകള്‍ക്ക് കടുത്ത സ്റ്റോക്ക് ക്ഷാമം അനുഭവപ്പെടുന്നതായി ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മെമ്മറി ചിപ്പുകള്‍ ഉള്‍പ്പെടെയുള്ള ഘടകങ്ങളുടെ വിലവര്‍ധനയെ തുടര്‍ന്ന് മാക്ബുക്ക്, ഐപാഡ്, സ്മാര്‍ട്ട് ഹോം ഉപകരണങ്ങള്‍ എന്നിവയ്ക്ക് ആപ്പിള്‍ അടുത്തിടെ വില കൂട്ടിയിരുന്നു. എന്നാല്‍ ഐഫോണ്‍ മോഡലുകളുടെ വിലയില്‍ നിലവില്‍ മാറ്റം വരുത്തിയിട്ടില്ല. വരുംദിവസങ്ങളില്‍ വില ഉയര്‍ന്നേക്കാമെന്നതിനാല്‍ ഐഫോണ്‍ 17 ഇപ്പോള്‍ത്തന്നെ വാങ്ങാന്‍ ചില റീട്ടെയിലര്‍മാര്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കുന്നുണ്ട്. കമ്പനിയുടെ പുതിയ വില പരിഷ്‌കരണങ്ങള്‍ക്ക് ശേഷം നടത്തിയ വിപണി വിലയിരുത്തലുകളില്‍, ഐഫോണ്‍ 17-നായുള്ള ഡിമാന്‍ഡ് നേരത്തെ തന്നെ ഉയര്‍ന്നതായാണ് കണ്ടെത്തല്‍. ഫോണിന്റെ സ്റ്റോക്ക് ലഭ്യതയെക്കുറിച്ചും വില കൂടുന്ന സമയത്തെക്കുറിച്ചുമുള്ള ഉപഭോക്താക്കളുടെ അന്വേഷണങ്ങളും ഇപ്പോള്‍ വ്യാപകമായി വര്‍ധിച്ചിട്ടുണ്ട്.

കഴിഞ്ഞ 10 ദിവസമായി പ്രത്യേകിച്ച് ഐഫോണ്‍ 17 ബേസ് മോഡലിന്റെ പുതിയ സ്റ്റോക്ക് ലഭ്യത പരിമിതമാണെന്ന് റീട്ടെയിലര്‍മാര്‍ അറിയിച്ചു. ഇതും വാങ്ങല്‍ തിരക്ക് വര്‍ധിക്കാന്‍ കാരണമായി. റിപ്പോര്‍ട്ട് പ്രകാരം, പല ഉപഭോക്താക്കളും വിലക്കുറവിനായി ചര്‍ച്ച ചെയ്യാതെ തന്നെ ലിസ്റ്റ് ചെയ്ത വിലയ്ക്ക് ഫോണുകള്‍ വാങ്ങുകയാണ്.