അമേരിക്കയെ കാത്തുനിൽക്കാതെ ഇറാൻ; ഒമാനുമായി ചേർന്ന് ഹോർമൂസിൽ പുതിയ നീക്കം

അമേരിക്കയുടെ നാവിക ഉപരോധത്തിനും സമ്മർദത്തിനും വഴങ്ങാതെ ഹോർമൂസ് ഭാഗികമായി തുറക്കാനാണ് ഇറാൻ നീങ്ങുന്നത്. എന്നാൽ അമേരിക്ക മുന്നോട്ടുവയ്ക്കുന്ന ഉപാധികൾ അംഗീകരിച്ചാൽ മാത്രമേ കടലിടുക്ക് പൂർണമായി തുറക്കുകയുള്ളൂ എന്നാണ് ഇറാന്റെ നിലപാട്.

അമേരിക്കയെ കാത്തുനിൽക്കാതെ ഇറാൻ; ഒമാനുമായി ചേർന്ന് ഹോർമൂസിൽ പുതിയ നീക്കം

ടെഹ്റാൻ: ഹോർമൂസ് കടലിടുക്കിൽ നിയന്ത്രണം കൂടുതൽ ശക്തമാക്കാനുള്ള നീക്കവുമായി ഇറാൻ. ഒമാനുമായി ധാരണയായിട്ടുള്ള ഹോർമൂസ് മേഖലയിലെ ഒരു പാത ഉടൻ തുറക്കുമെന്ന് ഇറാൻ പരമാധികാര ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി അറിയിച്ചു. അതേസമയം, ഹോർമൂസിലെ മറ്റ് മേഖലകൾ നിരോധിത മേഖലയായി പ്രഖ്യാപിച്ച് കപ്പലുകളുടെ പ്രവേശനം നിയന്ത്രിക്കാനാണ് ഇറാന്റെ തീരുമാനം.

അമേരിക്കയുടെ നാവിക ഉപരോധത്തിനും സമ്മർദത്തിനും വഴങ്ങാതെ ഹോർമൂസ് ഭാഗികമായി തുറക്കാനാണ് ഇറാൻ നീങ്ങുന്നത്. എന്നാൽ അമേരിക്ക മുന്നോട്ടുവയ്ക്കുന്ന ഉപാധികൾ അംഗീകരിച്ചാൽ മാത്രമേ കടലിടുക്ക് പൂർണമായി തുറക്കുകയുള്ളൂ എന്നാണ് ഇറാന്റെ നിലപാട്.

ഒമാനുമായി ചേർന്നുള്ള ധാരണയുടെ അടിസ്ഥാനത്തിൽ നിശ്ചയിച്ചിരിക്കുന്ന പാതയിലൂടെയായിരിക്കും കപ്പലുകൾക്ക് നിയന്ത്രിത പ്രവേശനം അനുവദിക്കുക. ഹോർമൂസിലെ മറ്റ് സമുദ്ര മേഖലകളിൽ പ്രവേശനം നിരോധിക്കുകയും അവയെ നിയന്ത്രിത മേഖലകളായി പ്രഖ്യാപിക്കുകയും ചെയ്യും. ഇത്തരം മേഖലകളിലേക്ക് പ്രവേശിക്കുന്ന കപ്പലുകൾക്കെതിരെ വിലക്ക് ഏർപ്പെടുത്തുമെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.

ഹോർമൂസ് കടലിടുക്കിൽ തങ്ങളുടെ സ്വാധീനം കടലിടുക്കിന് പുറത്തേക്കും വ്യാപിപ്പിക്കാനുള്ള നീക്കമായാണ് ഇറാന്റെ പുതിയ നടപടികളെ വിലയിരുത്തുന്നത്. അമേരിക്കൻ നാവിക സാന്നിധ്യത്തിനിടയിൽ മേഖലയിലെ നിയന്ത്രണം കൂടുതൽ ഉറപ്പിക്കുകയാണ് ഇറാന്റെ ലക്ഷ്യമെന്നാണ് സൂചന.

ഇതിനിടെ, കഴിഞ്ഞ ദിവസം കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്കിടെ അമേരിക്കൻ പടക്കപ്പലിനെതിരെ പുതിയ കപ്പൽവേധ മിസൈൽ പരീക്ഷിച്ചതായും ഇറാൻ അവകാശപ്പെട്ടു. ഇറാന്റെ വടക്കുപടിഞ്ഞാറൻ അതിർത്തിയിൽ അമേരിക്ക ആയുധങ്ങൾ നൽകിയതായി ആരോപിക്കുന്ന ഒരു ഭീകരസംഘത്തെ പിടികൂടിയതായും ഇറാൻ അറിയിച്ചു.

അമേരിക്കയുമായുള്ള സാമ്പത്തിക സംഘർഷം തുടരുന്നതിനിടെ രാജ്യത്തിനകത്തും ഇന്ധന ഉപഭോഗം നിയന്ത്രിക്കാനുള്ള നടപടികൾ ശക്തമാക്കുകയാണ് ഇറാൻ. നിശ്ചിത പരിധിക്ക് മുകളിൽ ഇന്ധനം ഉപയോഗിക്കുന്നവർക്ക് ഉയർന്ന നിരക്ക് ഏർപ്പെടുത്താനാണ് തീരുമാനം.

110 ലിറ്ററിന് മുകളിൽ ഇന്ധനം ഉപയോഗിക്കുന്നവർ അധിക വില നൽകേണ്ടിവരും. സാമ്പത്തിക യുദ്ധത്തിന്റെ ഭാഗമായി വിലക്കയറ്റം രൂക്ഷമാകുന്നതിനിടെയാണ് ഇന്ധന ഉപഭോഗം നിയന്ത്രിക്കുന്നതിനുള്ള പുതിയ നടപടിയും ഇറാൻ പ്രഖ്യാപിച്ചിരിക്കുന്നത്.

ഹോർമൂസ് നിയന്ത്രണം, അമേരിക്കയുമായുള്ള സംഘർഷം, രാജ്യത്തെ ഇന്ധന ഉപഭോഗ നിയന്ത്രണം എന്നിവ ഒരേസമയം ശക്തമാക്കുന്നതിലൂടെ സമ്മർദങ്ങൾക്കിടയിലും നിലപാട് കടുപ്പിക്കുകയാണ് ഇറാൻ.