കുവൈത്ത് ഓയിൽ പ്ലാന്റിന് നേരെ ഇറാന്റെ ആക്രമണം; തീപിടിത്തത്തിൽ നിരവധി പേർക്ക് പരിക്ക്, സുരക്ഷ ശക്തമാക്കി
പരിക്കേറ്റവർക്ക് സംഭവസ്ഥലത്ത് പ്രാഥമിക ചികിത്സ നൽകിയ ശേഷം ആശുപത്രികളിലേക്ക് മാറ്റി. കുവൈത്ത് ജനറൽ ഫയർഫോഴ്‌സും വിവിധ സുരക്ഷാ ഏജൻസികളും സർക്കാർ സംവിധാനങ്ങളുമായി സഹകരിച്ച് തീ അണയ്ക്കുന്നതിനും സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനുമായി പ്രവർത്തനം തുടരുകയാണ്
കുവൈത്തിലെ എണ്ണ വ്യവസായ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ വൻ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനിൽ നിന്നുണ്ടായതായി പറയപ്പെടുന്ന ആക്രമണത്തെ തുടർന്ന് ഓയിൽ പ്ലാന്റിൽ തീപിടിത്തമുണ്ടാകുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കുവൈത്ത് പെട്രോളിയം കോർപ്പറേഷനെ ഉദ്ധരിച്ച് കുവൈത്ത് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ആക്രമണത്തിന് പിന്നാലെ ഉണ്ടായ തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിനിടെ അഗ്നിശമന സേനാംഗങ്ങൾക്കും ഒരു പ്ലാന്റ് ജീവനക്കാരനും പരിക്കേറ്റു. അപകട സാഹചര്യം കണക്കിലെടുത്ത് പ്ലാന്റിലെ ജീവനക്കാരെ ഉടൻ ഒഴിപ്പിക്കുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു. തീപിടിത്തം ഉണ്ടായ രണ്ട് മേഖലകളിലും സുരക്ഷാ സേനയും അഗ്നിശമന വിഭാഗവും ചേർന്ന് അടിയന്തര നടപടികൾ സ്വീകരിച്ചു.
പരിക്കേറ്റവർക്ക് സംഭവസ്ഥലത്ത് പ്രാഥമിക ചികിത്സ നൽകിയ ശേഷം ആശുപത്രികളിലേക്ക് മാറ്റി. കുവൈത്ത് ജനറൽ ഫയർഫോഴ്‌സും വിവിധ സുരക്ഷാ ഏജൻസികളും സർക്കാർ സംവിധാനങ്ങളുമായി സഹകരിച്ച് തീ അണയ്ക്കുന്നതിനും സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനുമായി പ്രവർത്തനം തുടരുകയാണ്. എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണം രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ഗുരുതര സംഭവമായാണ് കുവൈത്ത് വിലയിരുത്തുന്നത്.
അതേസമയം, കുവൈത്ത് വ്യോമമേഖലയിലേക്ക് കടന്നുവന്ന ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും സായുധസേന പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചില സൈനിക കേന്ദ്രങ്ങളും ക്യാമ്പുകളും ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങളിൽ കുവൈത്ത് ലാൻഡ് ഫോഴ്‌സിലെ ഏതാനും സൈനികർക്ക് പരിക്കേറ്റതായും മന്ത്രാലയം വ്യക്തമാക്കി.
Comments ()