ഇറാൻ്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ തടഞ്ഞ് കുവൈത്ത് വ്യോമസേന; ജാഗ്രതാ നിർദേശവുമായി അധികൃതർ
ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ കുവൈത്തിന്‍റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞതായി സായുധ സേന അറിയിച്ചു.
ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ കുവൈത്തിൻ്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞു നിർവീര്യമാക്കിയതായി കുവൈത്ത് സായുധ സേനയുടെ ജനറൽ സ്റ്റാഫ് അറിയിച്ചു. രാജ്യത്തിൻ്റെ വ്യോമാതിർത്തി സുരക്ഷിതമാക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും, നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരാകാതെ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള സുരക്ഷാ നിർദേശങ്ങൾ മാത്രം കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
അതിനിടെ, ഒരിടവേളയ്ക്ക് ശേഷം യുഎസും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും ശക്തമായ പശ്ചാത്തലത്തിൽ, ഇറാന്റെ സമ്പദ്‍വ്യവസ്ഥ തകർച്ചയിലാണെന്നും ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണം യുഎസിന് ലഭിച്ചെന്നും ട്രൂത്ത് സോഷ്യലിലൂടെ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഇറാനെ ചർച്ചയ്ക്ക് കൊണ്ടുവരാൻ താൻ ശ്രമിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, ഫലമില്ലാത്ത കരാറുകളിൽ ഒപ്പുവെക്കുന്നതിൽ തനിക്ക് താല്പര്യമില്ലെന്നും ഇറാൻ അനിവാര്യമായ പതനത്തിലേക്ക് നീങ്ങുകയാണെന്നും കുറിച്ചു. കൂടാതെ, നിലവിലെ സാഹചര്യത്തിൽ ഇറാന്റെ നിലനിൽപ്പ് പ്രതിസന്ധിയിലാണെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, ഇറാനിലെ ജനങ്ങൾ എപ്പോഴാണ് ഇതിനെതിരെ പ്രതികരിക്കാനും പോരാടാനും പോകുന്നത് എന്നും ചോദിച്ചു.
Comments ()