ഹോർമൂസ് കടലിടുക്ക് വീണ്ടും പുകയുന്നു: ഇറാന്റെ പുതിയ പ്രഖ്യാപനം വഴിതിരിച്ചുവിട്ടത് 92 കപ്പലുകളെ
മൂന്ന് ഇറാനിയന്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെ അമേരിക്കന്‍ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് പ്രഖ്യാപനം.
തെഹ്‌റാൻ: ഹോർമൂസ് കടലിടുക്കിന് പുറത്ത് പുതിയ നിയന്ത്രണ മേഖല പ്രഖ്യാപിക്കുമെന്ന് ഇറാൻ അറിയിച്ചു. ഗൾഫ് മേഖലയിലെ പ്രദേശങ്ങൾ കൂടി ഉൾപ്പെടുന്നതാണ് ഈ നിയന്ത്രണ മേഖല. അമേരിക്കൻ ഉപരോധമുള്ള പ്രദേശത്ത് നിന്നാകും ഇതിന്റെ തുടക്കം. ഈ മേഖലയിൽ പ്രവേശിക്കുന്ന കപ്പലുകളെ ഇറാൻ തങ്ങളുടെ ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തും. തങ്ങളുടെ മൂന്ന് എണ്ണക്കപ്പലുകൾക്ക് നേരെ അമേരിക്കൻ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് ഇറാന്റെ ഈ പ്രഖ്യാപനം.
ഇറാനിലെ ഔദ്യോഗിക പ്രക്ഷേപണ സ്ഥാപനത്തോട് സംസാരിക്കവെ സുരക്ഷാ മേധാവി മൊഹ്സെൻ റെസായിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ നിർദ്ദിഷ്ട മേഖലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഒരു മാസത്തെ ശാന്തതയ്ക്ക് ശേഷം കഴിഞ്ഞ ആഴ്ചയാണ് അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും സംഘർഷം ആരംഭിച്ചത്. ഹോർമൂസ് കടലിടുക്കിനെ ചുറ്റിപ്പറ്റിയാണ് നിലവിൽ പ്രശ്നങ്ങൾ രൂക്ഷമാകുന്നത്.
അമേരിക്കൻ നാവിക ഉപരോധ മേഖലയിൽ തുടങ്ങി ഹോർമൂസ് കടലിടുക്കിലേക്കും അവിടെനിന്ന് പേർഷ്യൻ ഉൾക്കടലിലേക്കും വ്യാപിക്കുന്നതാകും പുതിയ നിയന്ത്രിത മേഖല എന്നാണ് പ്രാഥമിക വിവരം. ഹോർമൂസ് കടലിടുക്ക് വഴി കടന്നുപോകാൻ ഈ മേഖലയിൽ പ്രവേശിക്കുന്ന ഏതൊരു കപ്പലിനെയും ഉപരോധപ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നാണ് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. എന്നാൽ വിഷയത്തിൽ അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇറാനിയൻ തുറമുഖങ്ങളെ ലക്ഷ്യമിട്ടും എണ്ണ കയറ്റുമതി തടയാനുമായി അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധത്തെ പ്രതിരോധിക്കാനാണ് ഇറാന്റെ ഈ നീക്കം. ഉപരോധത്തിന്റെ ഭാഗമായി ഇരുപതിലേറെ യുദ്ധക്കപ്പലുകൾ വിന്യസിച്ചിട്ടുണ്ടെന്നാണ് അമേരിക്കൻ സൈന്യം വ്യക്തമാക്കുന്നത്. ഉപരോധം കാരണം ഞായറാഴ്ചയോടെ 92 വാണിജ്യ കപ്പലുകൾ വഴിതിരിച്ചുവിടുകയും മൂന്നെണ്ണം പ്രവർത്തനരഹിതമാകുകയും ചെയ്തിട്ടുണ്ട്.
ഇറാനുമേൽ സാമ്പത്തിക സമ്മർദ്ദം വർദ്ധിപ്പിക്കാനുള്ള പുതിയ നടപടികളുമായി അമേരിക്ക മുന്നോട്ടുപോകുകയാണ്. അതേസമയം, ഹോർമൂസ് കടലിടുക്ക് വഴി കടന്നുപോകാൻ ശ്രമിക്കുന്ന ചില കപ്പലുകൾക്ക് നേരെ ഇറാനും ആക്രമണം തുടരുന്നുണ്ട്. കടലിടുക്കിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച അമേരിക്കയുടെ ആളില്ലാ കപ്പൽ തകർത്തതായി ഞായറാഴ്ച ഇറാൻ അവകാശപ്പെട്ടെങ്കിലും, ഈ വാദം തെറ്റാണെന്ന് അമേരിക്കൻ സൈന്യം പ്രതികരിച്ചു.
ഹോർമൂസ് കടലിടുക്കിലും ഇറാന്റെ തെക്കൻ തീരപ്രദേശങ്ങളിലും ആക്രമണങ്ങൾ വീണ്ടും ശക്തമാകുകയാണ്. യുദ്ധത്തിന്റെ തുടക്കത്തിൽ മിനാബിലെ സ്കൂളിന് നേരെ ആക്രമണമുണ്ടായ അതേ പ്രദേശത്ത്, ഈ ആഴ്ച ആദ്യം അമേരിക്ക നടത്തിയ ബോംബാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു. കടലിടുക്കിലെ ആക്രമണങ്ങൾക്ക് സൈനികമായി മറുപടി നൽകുന്നതിനൊപ്പം ഇറാനുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടത്തുന്ന വിദേശ ധനകാര്യ സ്ഥാപനങ്ങളെയും അമേരിക്ക ലക്ഷ്യമിടുന്നുണ്ട്. എന്നാൽ, പതിറ്റാണ്ടുകളായുള്ള ഉപരോധങ്ങളെ അതിജീവിച്ച പരിചയസമ്പത്തുള്ളതിനാൽ സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കുമെന്നാണ് മൊഹ്സെൻ റെസായി ഉൾപ്പെടെയുള്ള ഇറാനിയൻ നേതാക്കൾ നൽകുന്ന സൂചന.
Comments ()