ബഹ്റൈനിൽ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; വ്യവസായ കേന്ദ്രത്തിൽ തീപിടിത്തം, നാശനഷ്ടം
തീ നിയന്ത്രണവിധേയമാക്കാൻ സിവിൽ ഡിഫൻസ് സംഘങ്ങൾ സ്ഥലത്ത് പ്രവർത്തനം തുടരുകയാണെന്നും പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ആളപായമില്ലെന്നും അധികൃതർ അറിയിച്ചു
മനാമ: പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ രൂക്ഷമാക്കി ബഹ്റൈനിൽ ഇറാന്റെ പുതിയ ആക്രമണം. രാജ്യത്തെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് മിസൈൽ, ഡ്രോൺ ആക്രമണം നടത്തിയതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടു. ഇതിനിടെ ബഹ്റൈനിലെ ഒരു വ്യവസായ സ്ഥാപനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ തീപിടിത്തവും ഭൗതിക നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു.
ബഹ്റൈൻ ആഭ്യന്തര മന്ത്രാലയമാണ് വ്യവസായ കേന്ദ്രത്തിലുണ്ടായ ആക്രമണത്തെക്കുറിച്ച് വിവരം പുറത്തുവിട്ടത്. തീ നിയന്ത്രണവിധേയമാക്കാൻ സിവിൽ ഡിഫൻസ് സംഘങ്ങൾ സ്ഥലത്ത് പ്രവർത്തനം തുടരുകയാണെന്നും പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ആളപായമില്ലെന്നും അധികൃതർ അറിയിച്ചു. ആക്രമണം നടന്ന സ്ഥാപനത്തിന്റെ പേര് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, സിത്ര ദ്വീപിന് മുകളിൽ പുക ഉയരുന്നത് കണ്ടതായി പ്രദേശവാസികൾ വാർത്താ ഏജൻസികളോട് പറഞ്ഞു.
അൽ റിഫ, അവാലി മേഖലകളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളാണ് തങ്ങളുടെ ആക്രമണത്തിന്റെ ലക്ഷ്യമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് വ്യക്തമാക്കി. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു നീക്കമെന്നും ഇറാൻ അവകാശപ്പെട്ടു. എന്നാൽ ഈ അവകാശവാദങ്ങൾ സംബന്ധിച്ച് അമേരിക്കയുടെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല.
ഇറാന്റെ വ്യോമാക്രമണങ്ങളെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തടഞ്ഞതായി ബഹ്റൈൻ പ്രതിരോധ സേന അറിയിച്ചു. തടയുന്നതിനിടെ പതിച്ച അവശിഷ്ടങ്ങൾ ചിലയിടങ്ങളിൽ ഭൗതിക നാശനഷ്ടങ്ങൾ ഉണ്ടാക്കിയെങ്കിലും ആളപായമില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
ആക്രമണത്തെ ബഹ്റൈൻ ശക്തമായി അപലപിച്ചു. രാജ്യത്തെ സിവിലിയൻ-വ്യവസായ മേഖലകൾ ലക്ഷ്യമിടുന്നത് അംഗീകരിക്കാനാവില്ലെന്നാണ് അധികൃതരുടെ നിലപാട്. മേഖലയിലെ സംഘർഷം തുടരുന്നതിനിടെ ബഹ്റൈനിൽ വീണ്ടും ആക്രമണ മുന്നറിയിപ്പുകൾ വന്നതോടെ ജനങ്ങളോട് ജാഗ്രത പാലിക്കാനും സുരക്ഷാ നിർദേശങ്ങൾ പിന്തുടരാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
മേഖലയിൽ അമേരിക്കയും ഇസ്രയേലും ഇറാനും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ. ഗൾഫ് രാജ്യങ്ങളിലേക്കും സംഘർഷത്തിന്റെ പ്രത്യാഘാതങ്ങൾ വ്യാപിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
Comments ()