സെന്റ് ജോണ്‍സ് വോര്‍ട്ട് അപകടകാരി, യുഎഇയില്‍ മുന്നറിയിപ്പ്
പുറമേ സ്വാഭാവിക ചേരുവകളുള്ള ഉൽപ്പന്നങ്ങളെന്ന് അവകാശപ്പെടുന്നവയിൽ പോലും ലേബലിൽ വ്യക്തമാക്കാത്ത ഔഷധഘടകങ്ങൾ അടങ്ങിയിരിക്കാം
ദുബൈ: ശരീരഭാരം കുറയ്ക്കാനും കായികക്ഷമത വർധിപ്പിക്കാനും വിപണിയിൽ ലഭിക്കുന്ന സപ്ലിമെന്റുകളും ഔഷധസസ്യ ഉൽപ്പന്നങ്ങളും സ്വയം ചികിത്സയുടെ ഭാഗമായി ഉപയോഗിക്കരുതെന്ന് യുഎഇയിലെ എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് (ഇഡിഇ) മുന്നറിയിപ്പ് നൽകി. ഡോക്ടറുടെയോ ഫാർമസിസ്റ്റിന്റെയോ നിർദേശം തേടാതെ ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കാമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
പുറമേ സ്വാഭാവിക ചേരുവകളുള്ള ഉൽപ്പന്നങ്ങളെന്ന് അവകാശപ്പെടുന്നവയിൽ പോലും ലേബലിൽ വ്യക്തമാക്കാത്ത ഔഷധഘടകങ്ങൾ അടങ്ങിയിരിക്കാം. ഉയർന്ന അളവിൽ ഉപയോഗിക്കുമ്പോഴും മറ്റ് മരുന്നുകൾക്കൊപ്പം കഴിക്കുമ്പോഴും അപകടസാധ്യത വർധിക്കും. സെന്റ് ജോൺസ് വോർട്ട് അടങ്ങിയ ഉൽപ്പന്നങ്ങൾ ചില മരുന്നുകളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തി അവയുടെ ഫലപ്രാപ്തി കുറയ്ക്കാനും ഇടയാക്കും. അതുപോലെ, ജിങ്കോ സപ്ലിമെന്റുകൾ രക്തം കട്ടപിടിക്കുന്നത് തടയുന്ന മരുന്നുകൾക്കൊപ്പം ഉപയോഗിച്ചാൽ രക്തസ്രാവത്തിനുള്ള സാധ്യത ഉയരാമെന്നും ഇഡിഇ ചൂണ്ടിക്കാട്ടി.
വിറ്റാമിനുകൾ, പ്രോട്ടീൻ പൗഡറുകൾ, ഹെർബൽ ഉൽപ്പന്നങ്ങൾ, കായികക്ഷമത വർധിപ്പിക്കാനുള്ള സപ്ലിമെന്റുകൾ എന്നിവ ഉൾപ്പെടെ ഉപയോഗിക്കുന്ന എല്ലാ ഉൽപ്പന്നങ്ങളുടെയും വിവരങ്ങൾ ഡോക്ടറെയും ഫാർമസിസ്റ്റിനെയും അറിയിക്കണം. അവയിലെ ചേരുവകളും മറ്റ് മരുന്നുകളുമായുള്ള പ്രതിപ്രവർത്തന സാധ്യതകളും പരിശോധിച്ചശേഷം മാത്രമേ ഉപയോഗം ആരംഭിക്കാവൂ എന്നും അധികൃതർ നിർദേശിച്ചു.
Comments ()