യുദ്ധ പശ്ചാത്തലത്തിൽ ദുബായിൽ തൊഴിൽ പ്രതിസന്ധി; കമ്പനികൾ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു, പ്രവാസികൾക്ക് തിരിച്ചടി

യുഎസ്-ഇറാന്‍ സംഘര്‍ഷം ഗള്‍ഫ് മേഖലയെക്കൂടി ബാധിച്ചതോടെ ദുബായില്‍ കടുത്ത തൊഴില്‍ പ്രതിസന്ധി

യുദ്ധ പശ്ചാത്തലത്തിൽ ദുബായിൽ തൊഴിൽ പ്രതിസന്ധി; കമ്പനികൾ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു, പ്രവാസികൾക്ക് തിരിച്ചടി

ദുബായ്: യുഎസ്-ഇറാന്‍ സംഘര്‍ഷം ഗള്‍ഫ് മേഖലയെക്കൂടി ബാധിച്ചതോടെ ദുബായില്‍ കടുത്ത തൊഴില്‍ പ്രതിസന്ധി രൂപപ്പെടുന്നതായി റിപ്പോര്‍ട്ട്. യുദ്ധസമാനമായ അന്തരീക്ഷം മാസങ്ങളായി തുടരുന്നത് ദുബായിലെ പുതിയ തൊഴിലവസരങ്ങളെ ഇല്ലാതാക്കുകയും ശമ്പളം വെട്ടിക്കുറയ്ക്കുന്നതിലേക്ക് നയിക്കുകയും ചെയ്തിട്ടുണ്ട്. ഇത് മലയാളികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് ഇന്ത്യന്‍ പ്രവാസികളുടെയും മറ്റ് വിദേശ തൊഴിലാളികളുടെയും ജീവിതത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പുതിയ ജോലികള്‍ കണ്ടെത്തുന്നതില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ വിവരിച്ചുകൊണ്ട് 'ദി ന്യൂയോര്‍ക്ക് ടൈംസിനെ' ഉദ്ധരിച്ച് 'ദി ഇന്ത്യന്‍ എക്‌സ്പ്രസ്' ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

യുഎഇക്ക് നേരെയുണ്ടായ ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ രാജ്യത്തെ വിനോദസഞ്ചാരം, വ്യോമയാന മേഖല, വിദേശികളെ ആശ്രയിച്ചു പ്രവര്‍ത്തിക്കുന്ന ബിസിനസുകള്‍ എന്നിവയെ കടുത്ത തകര്‍ച്ചയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ ഭൂരിഭാഗം കമ്പനികളും പുതിയ നിയമനങ്ങള്‍ പൂര്‍ണ്ണമായി നിര്‍ത്തിവെച്ചിരിക്കുന്നു. മാന്‍പവര്‍ ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സര്‍വേ പ്രകാരം, യുഎഇയിലെ നാലിലൊന്ന് തൊഴിലുടമകളും ഈ വര്‍ഷം മൂന്നാം പാദത്തില്‍ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ ഒരുങ്ങുകയാണ്. കൂടാതെ, മൂന്നിലൊന്ന് കമ്പനികള്‍ക്കും പുതിയ നിയമനങ്ങള്‍ നടത്തുന്നതിനെക്കുറിച്ച് നിലവില്‍ യാതൊരു പദ്ധതികളുമില്ല.

ദുബായില്‍ വിദേശ കുടുംബങ്ങള്‍ കൂട്ടത്തോടെ നാടുകളിലേക്ക് മടങ്ങിയത് ഗാര്‍ഹിക തൊഴിലാളികളെയും ഡ്രൈവര്‍മാരെയും സാരമായി ബാധിച്ചിട്ടുണ്ട്. നിരവധി ബിസിനസ് സ്ഥാപനങ്ങള്‍ പൂട്ടിയതോടെ മലയാളികള്‍ അടക്കമുള്ള ഐ.ടി, അക്കൗണ്ടിംഗ് മേഖലയിലെ ഉദ്യോഗസ്ഥര്‍ക്കും ജോലി നഷ്ടപ്പെട്ടു. ജോലിയില്‍ തുടരുന്നവര്‍ക്ക് ടൂറിസ്റ്റുകളുടെ കുറവ് മൂലം കമ്മീഷന്‍ അടിസ്ഥാനത്തില്‍ മാത്രമാണ് ഇപ്പോള്‍ വരുമാനം ലഭിക്കുന്നത്. പലര്‍ക്കും നിശ്ചിത ശമ്പളം കമ്പനികള്‍ നിഷേധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.