ഇറാൻ ആക്രമണത്തിൽ കുവൈത്തിലെ വൈദ്യുതി–ജലശുദ്ധീകരണ കേന്ദ്രത്തിന് നാശം; പുനഃസ്ഥാപന പ്രവർത്തനം തുടങ്ങി
ആക്രമണത്തിന്റെ ആഘാതത്തിൽ നിലയത്തിന്റെ ഭാഗങ്ങളിൽ തീപിടിത്തമുണ്ടായതോടെ ചില ജനറേറ്റിങ് യൂണിറ്റുകളുടെ പ്രവർത്തനം തടസ്സപ്പെട്ടു. ജനറൽ ഫയർ ഫോഴ്‌സിന്റെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ തീ പൂർണമായും അണയ്ക്കാൻ സാധിച്ചതായാണ് ഔദ്യോഗിക വിശദീകരണം
കുവൈത്ത് സിറ്റി: ഇറാന്റെ ആക്രമണത്തെ തുടർന്ന് കുവൈത്തിലെ പ്രധാന വൈദ്യുതി ഉൽപാദന-കടൽജല ശുദ്ധീകരണ കേന്ദ്രങ്ങളിലൊന്നിന് കേടുപാടുകൾ സംഭവിച്ചതായി ബന്ധപ്പെട്ട മന്ത്രാലയം സ്ഥിരീകരിച്ചു. സംഭവത്തിന് പിന്നാലെ സുരക്ഷാ, രക്ഷാപ്രവർത്തന ഏജൻസികളെ ഏകോപിപ്പിച്ച് അടിയന്തര പ്രവർത്തനങ്ങൾ ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
ആക്രമണത്തിന്റെ ആഘാതത്തിൽ നിലയത്തിന്റെ ഭാഗങ്ങളിൽ തീപിടിത്തമുണ്ടായതോടെ ചില ജനറേറ്റിങ് യൂണിറ്റുകളുടെ പ്രവർത്തനം തടസ്സപ്പെട്ടു. ജനറൽ ഫയർ ഫോഴ്‌സിന്റെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ തീ പൂർണമായും അണയ്ക്കാൻ സാധിച്ചതായാണ് ഔദ്യോഗിക വിശദീകരണം.
തീ നിയന്ത്രണവിധേയമായതിന് പിന്നാലെ സാങ്കേതിക സംഘങ്ങൾ സ്ഥലത്തെത്തി കേടുപാടുകൾ വിശദമായി പരിശോധിച്ചു. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം പ്രവർത്തനം നിലച്ച യൂണിറ്റുകൾ വീണ്ടും പ്രവർത്തനക്ഷമമാക്കുന്നതിനുള്ള അറ്റകുറ്റപ്പണികൾ ആരംഭിച്ചതായും മന്ത്രാലയം അറിയിച്ചു.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വൈദ്യുതിയും കുടിവെള്ള വിതരണവും സാധാരണ നിലയിൽ തുടരാൻ പ്രത്യേക നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ദേശീയ വൈദ്യുതി ശൃംഖലയെ ബാധിക്കാതിരിക്കാൻ എൻജിനീയർമാരും അടിയന്തര പ്രതികരണ സംഘങ്ങളും 24 മണിക്കൂറും സേവനത്തിലാണെന്ന് അധികൃതർ വ്യക്തമാക്കി.
പുനഃസ്ഥാപന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെ വൈദ്യുതി മിതമായി ഉപയോഗിക്കാൻ പൊതുജനങ്ങളോട് മന്ത്രാലയം അഭ്യർഥിച്ചു. അനാവശ്യ വൈദ്യുതി ഉപഭോഗം ഒഴിവാക്കുന്നത് ഗ്രിഡിന്റെ സ്ഥിരത ഉറപ്പാക്കാനും അത്യാവശ്യ സേവനങ്ങൾക്ക് തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കാനും സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു.
പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ പുരോഗതിയും മറ്റ് ഔദ്യോഗിക അറിയിപ്പുകളും മന്ത്രാലയത്തിന്റെ ഔദ്യോഗിക മാധ്യമങ്ങളിലൂടെ മാത്രമേ വിശ്വസിക്കാവൂ എന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
Comments ()