കുവൈത്തിനെതിരായ ഇറാൻ ആക്രമണം പാഠപുസ്തകത്തിലേക്ക്; പത്താം ക്ലാസിൽ ഇനി ചരിത്രപഠനം
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം, വൈദ്യുതി-കുടിവെള്ള വിതരണ സംവിധാനങ്ങൾ, പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സോഷ്യൽ സെക്യൂരിറ്റി കെട്ടിടം, മിനിസ്ട്രി കോംപ്ലക്സ് തുടങ്ങിയ കേന്ദ്രങ്ങൾക്കുനേരെയുണ്ടായ ആക്രമണങ്ങളും പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്
കുവൈത്ത് സിറ്റി: രാജ്യത്തെ ലക്ഷ്യമിട്ട ഇറാന്റെ 2026ലെ ആക്രമണങ്ങൾ ഇനി കുവൈത്തിലെ പത്താം ക്ലാസ് വിദ്യാർഥികളുടെ ചരിത്രപഠനത്തിന്റെ ഭാഗം. രാജ്യത്തിന്റെ പരമാധികാരവും ദേശീയ ഐക്യവും സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം പുതിയ തലമുറയ്ക്ക് ബോധ്യപ്പെടുത്തുക ലക്ഷ്യമിട്ടാണ് ആക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ 'സ്റ്റേറ്റ് ഓഫ് കുവൈത്ത്: ദ ജേർണി ആൻഡ് ദ എന്റിറ്റി' എന്ന ചരിത്രപുസ്തകത്തിലാണ് സംഭവങ്ങൾ വിശദമായി രേഖപ്പെടുത്തിയിരിക്കുന്നത്. പുസ്തകത്തിന്റെ 56, 57 പേജുകളിലാണ് 2026ൽ കുവൈത്തിനെതിരെ നടന്ന ഇറാനിയൻ ആക്രമണങ്ങളെയും അതിനെ നേരിട്ട രാജ്യത്തിന്റെ നിലപാടുകളെയും കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്.
കുവൈത്തിന്റെ പരമാധികാരത്തിന് നേരെയുണ്ടായ കടന്നുകയറ്റവും മിസൈൽ, ഡ്രോൺ ആക്രമണങ്ങളുമാണ് പാഠഭാഗത്തിൽ പ്രധാനമായും പ്രതിപാദിക്കുന്നത്. ജനവാസ മേഖലകൾക്ക് പുറമെ രാജ്യത്തെ നിർണായക സർക്കാർ സ്ഥാപനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ആക്രമണത്തിന്റെ ലക്ഷ്യമായിരുന്നുവെന്ന് പാഠപുസ്തകത്തിൽ വ്യക്തമാക്കുന്നു.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം, വൈദ്യുതി-കുടിവെള്ള വിതരണ സംവിധാനങ്ങൾ, പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സോഷ്യൽ സെക്യൂരിറ്റി കെട്ടിടം, മിനിസ്ട്രി കോംപ്ലക്സ് തുടങ്ങിയ കേന്ദ്രങ്ങൾക്കുനേരെയുണ്ടായ ആക്രമണങ്ങളും പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. വിമാനത്താവളത്തിന് സംഭവിച്ച നാശനഷ്ടങ്ങളുടെ ചിത്രങ്ങളും ആക്രമണത്തെ പ്രതിരോധിക്കുന്ന കുവൈത്തിന്റെ നടപടികളുടെ ദൃശ്യങ്ങളും പാഠഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആക്രമണങ്ങൾക്ക് മറുപടിയായി രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനൊപ്പം മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി കുവൈത്ത് സ്വീകരിച്ച നയതന്ത്ര നീക്കങ്ങൾക്കും പുസ്തകത്തിൽ പ്രാധാന്യം നൽകിയിട്ടുണ്ട്.
പ്രതിസന്ധി ഘട്ടത്തിൽ കുവൈത്തിനെ നയിച്ച അമീർ ശൈഖ് മിഷാൽ അൽ അഹമ്മദിന്റെ നേതൃത്വവും രാജ്യത്തെ വിവിധ സർക്കാർ സംവിധാനങ്ങളുടെ ഏകോപിതമായ പ്രവർത്തനങ്ങളും പാഠപുസ്തകത്തിൽ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്.
ദേശീയ ഐക്യം, രാജ്യസ്നേഹം, പ്രതിസന്ധികളെ നേരിടാനുള്ള രാജ്യത്തിന്റെ ശേഷി എന്നിവ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനുള്ള ചരിത്രരേഖയായാണ് 2026ലെ സംഭവങ്ങളെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Comments ()