റിയാദ് വിമാനത്താവളത്തിലെ സാഹചര്യം ഗുരുതരം; യാത്രക്കാർക്ക് മുന്നറിയിപ്പ്
സ്ഥിതിഗതികൾ ഗുരുതരമാണെന്ന് ഐറിഷ് എംബസിയും അറിയിച്ചതായാണ് റിപ്പോർട്ടുകൾ. അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ വിമാനത്താവളത്തിലേക്ക് പോകരുതെന്നാണ് യാത്രക്കാർക്ക് നൽകിയിരിക്കുന്ന നിർദേശം
റിയാദ്: സൗദി അറേബ്യയിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്രക്കാർ എത്തുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്. വിമാനത്താവളത്തിൽ സ്ഫോടനം നടന്നതായുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് സുരക്ഷാ സാഹചര്യം സംബന്ധിച്ച ആശങ്കകൾ ഉയർന്നത്. സ്ഥിതിഗതികൾ ഗുരുതരമാണെന്ന് ഐറിഷ് എംബസിയും അറിയിച്ചതായാണ് റിപ്പോർട്ടുകൾ. അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ വിമാനത്താവളത്തിലേക്ക് പോകരുതെന്നാണ് യാത്രക്കാർക്ക് നൽകിയിരിക്കുന്ന നിർദേശം.
അതിനിടെ, റിയാദിൽ ഇറങ്ങേണ്ടിയിരുന്ന രണ്ട് സൗദി വിമാനങ്ങളുടെ ലാൻഡിംഗ് ജിദ്ദയിലേക്ക് മാറ്റിയതായും റിപ്പോർട്ടുണ്ട്. വിമാനത്താവളത്തിലെ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് ഈ മാറ്റമെന്നാണ് സൂചന. യാത്ര പുറപ്പെടാനിരിക്കുന്നവരും റിയാദിൽ ഇറങ്ങാൻ ഉദ്ദേശിക്കുന്നവരും വിമാനക്കമ്പനികളിൽനിന്നുള്ള അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും നിർദേശിക്കുന്നു. സ്ഫോടനം നടന്നതായുള്ള വിവരങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത ആവശ്യമാണ്. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെട്ട അധികൃതരുടെ ഔദ്യോഗിക അറിയിപ്പുകൾ കാത്തിരിക്കുകയാണ്.
Comments ()