ഇരുചക്ര വാഹന വിപണി കീഴടക്കി ടിവിഎസ്; ഹീറോയെയും ഹോണ്ടയെയും മറികടന്ന് വന്‍ കുതിച്ച്ചാട്ടം

2026 ജൂണിലെ ആഗോള വില്‍പ്പന കണക്കുകള്‍ പ്രകാരം, പ്രമുഖ ബ്രാന്‍ഡുകളായ ഹീറോ മോട്ടോകോര്‍പ്പ്, ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ എന്നിവരെ മറികടന്ന് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായി ടിവിഎസ് മാറി.

ഇരുചക്ര വാഹന വിപണി കീഴടക്കി ടിവിഎസ്; ഹീറോയെയും ഹോണ്ടയെയും മറികടന്ന് വന്‍ കുതിച്ച്ചാട്ടം

ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ വിപ്ലവകരമായ മുന്നേറ്റവുമായി ടിവിഎസ് മോട്ടോര്‍ കമ്പനി. 2026 ജൂണിലെ ആഗോള വില്‍പ്പന കണക്കുകള്‍ പ്രകാരം, പ്രമുഖ ബ്രാന്‍ഡുകളായ ഹീറോ മോട്ടോകോര്‍പ്പ്, ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ എന്നിവരെ മറികടന്ന് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായി ടിവിഎസ് മാറി. ആഭ്യന്തര വിപണിയിലെ മുന്നേറ്റത്തിനൊപ്പം വിദേശ വിപണികളില്‍ നേടിയ തകര്‍പ്പന്‍ പ്രകടനവും കയറ്റുമതിയിലുണ്ടായ വന്‍ കുതിച്ചുചാട്ടവുമാണ് ചരിത്രപരമായ ഈ നേട്ടത്തിലേക്ക് ടിവിഎസിനെ നയിച്ചത്.

കമ്പനിയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2026 ജൂണില്‍ 5,65,417 ഇരുചക്ര വാഹനങ്ങളാണ് ടിവിഎസ് ലോകമെമ്പാടുമായി വിറ്റഴിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 47 ശതമാനം വളര്‍ച്ചയാണ് ഈ കാലയളവില്‍ കമ്പനി സ്വന്തമാക്കിയത്. ഇതേസമയം, വിപണിയിലെ വമ്പന്മാരായ ഹീറോ മോട്ടോകോര്‍പ്പ് 5,41,159 യൂണിറ്റുകളുടെയും ഹോണ്ട 5,28,281 യൂണിറ്റുകളുടെയും വില്‍പ്പനയാണ് നടത്തിയത്. ഇതാദ്യമായാണ് പ്രതിമാസ ആഗോള വില്‍പ്പനയില്‍ ഹീറോയെയും ഹോണ്ടയെയും മറികടന്ന് ടിവിഎസ് ഒന്നാമതെത്തുന്നത്.

ടിവിഎസിന്റെ ഈ ചരിത്രനേട്ടത്തിന് അടിത്തറയിട്ടത് കമ്പനിയുടെ കരുത്തുറ്റ കയറ്റുമതിയാണ്. ജൂണില്‍ മാത്രം 1,72,355 ഇരുചക്ര വാഹനങ്ങളാണ് കമ്പനി വിദേശ വിപണികളിലെത്തിച്ചത്. ഹീറോയുടെയും (38,269 യൂണിറ്റുകള്‍) ഹോണ്ടയുടെയും (59,325 യൂണിറ്റുകള്‍) ആകെ സംയുക്ത കയറ്റുമതിയായ 97,594 യൂണിറ്റുകളേക്കാള്‍ എത്രയോ മുകളിലാണ് ടിവിഎസ് ഒറ്റയ്ക്ക് സ്വന്തമാക്കിയ ഈ നേട്ടം.