പ്ലാസ്റ്റിക് കുപ്പികളിലെ മദ്യം അപകടകാരിയോ?; എന്തുകൊണ്ട് പ്ലാസ്റ്റിക് കുപ്പിയിലെ മദ്യം കുടിക്കരുത്? കാരണം അറിയാം

പ്ലാസ്റ്റിക്കില്‍ ദീര്‍ഘനേരം സൂക്ഷിക്കുന്ന മദ്യം കെമിക്കല്‍ ചോര്‍ച്ച ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

പ്ലാസ്റ്റിക് കുപ്പികളിലെ മദ്യം അപകടകാരിയോ?; എന്തുകൊണ്ട് പ്ലാസ്റ്റിക് കുപ്പിയിലെ മദ്യം കുടിക്കരുത്? കാരണം അറിയാം
മദ്യത്തിലെ ആല്‍ക്കഹോള്‍ ഒരു ലായകമാണ്. പ്ലാസ്റ്റിക് കുപ്പികളില്‍ മദ്യം സൂക്ഷിക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അത് പ്ലാസ്റ്റിക് കുപ്പികളില്‍ സൂക്ഷിച്ച മദ്യമാണെങ്കിലോ?. അത് അതിനേക്കാള്‍ നമ്മുടെ ശരീരത്തില്‍ ദോഷം ചെയ്യുമല്ലെ, അതിന് കാരണം എന്താണെന്ന് നോക്കിയാലോ.... മദ്യത്തിലെ ആല്‍ക്കഹോള്‍ ഒരു ലായകമാണ്. അതിന് ചില വസ്തുക്കളോട് രാസപരമായി പ്രതിപ്രവര്‍ത്തിക്കാന്‍ കഴിയും. മദ്യം പ്ലാസ്റ്റിക്ക് കുപ്പിയില്‍ ദീര്‍ഘനേരം സൂക്ഷിക്കുന്നത് അതിന്റെ യഥാര്‍ത്ഥ രുചിയും മണവും മാറ്റും. അതുകൊണ്ടാണ് വിലകൂടിയതും ഉയര്‍ന്ന നിലവാരമുള്ളതുമായ മദ്യം എപ്പോഴും ചില്ല് കുപ്പികളില്‍ വില്‍ക്കുന്നത്. മദ്യത്തിന്റെ രുചി കൂടുതല്‍ നേരം നിലനിര്‍ത്താന്‍ ചില്ല് പാത്രങ്ങള്‍ സഹായിക്കുന്നു. അതേസമയം പ്ലാസ്റ്റിക്കില്‍ സൂക്ഷിക്കുന്ന മദ്യത്തിന് ക്രമേണ അവയുടെ യഥാര്‍ത്ഥ രുചി നഷ്ടപ്പെടും. അത് ആരോഗ്യത്തിനും ദോഷം ചെയ്യുന്നു.

അതുപോലെ, വെയിലത്ത് വെച്ചാല്‍ പ്ലാസ്റ്റിക് കുപ്പികളില്‍ നിന്ന് ആല്‍ക്കഹോളിലേക്ക് രാസവസ്തുക്കള്‍ കൂടുതല്‍ എളുപ്പത്തില്‍ കലരാന്‍ സാധ്യതയുണ്ട്. എത്തനോള്‍ വെള്ളത്തേക്കാള്‍ മികച്ച ലായകമാണ്. അതിനാല്‍ പ്ലാസ്റ്റിക്കില്‍ നിന്ന് രാസവസ്തുക്കള്‍ ആല്‍ക്കഹോളിലേക്ക് കൂടുതല്‍ എളുപ്പത്തില്‍ ലയിക്കാന്‍ സാധ്യതയുണ്ട്. പ്ലാസ്റ്റിക് കുപ്പികളില്‍ സൂക്ഷിക്കുന്ന ആല്‍ക്കഹോളിന്റെ രുചിയും മണവുമെല്ലാം കാലക്രമേണ മാറും എന്നറിയുക.

പ്ലാസ്റ്റിക്കില്‍ ദീര്‍ഘനേരം സൂക്ഷിക്കുന്ന മദ്യം കെമിക്കല്‍ ചോര്‍ച്ച ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ചൈന പാക്കേജിംഗ് റിസര്‍ച്ച് ആന്‍ഡ് ടെസ്റ്റ് സെന്ററിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, പ്ലാസ്റ്റിക്കില്‍ നിന്ന് പുറത്തുവരുന്ന ചില രാസവസ്തുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ തലകറക്കം, തലവേദന, വയറ്റിലെ അസ്വസ്ഥത, മറ്റ് ശാരീരിക പ്രശ്നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും.

ഓരോ ആളുകളിലും ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ വ്യത്യാസപ്പെടാമെങ്കിലും അത്തരം മദ്യത്തിന്റെ ദീര്‍ഘകാല ഉപഭോഗം ആരോഗ്യപരമായ അപകടസാധ്യതകള്‍ വര്‍ദ്ധിപ്പിക്കും. അതുകൊണ്ടാണ് മദ്യ വ്യവസായത്തിലെ പ്രീമിയം ഉല്‍പ്പന്നങ്ങള്‍ മിക്കവാറും എല്ലായ്പ്പോഴും ചില്ല് കുപ്പികളില്‍ പായ്ക്ക് ചെയ്യുന്നത്. ചില്ല് കുപ്പികള്‍ രാസപരമായി സ്ഥിരതയുള്ളതും മദ്യവുമായി പ്രതിപ്രവര്‍ത്തിക്കുന്നില്ല.