പണം വളർത്താൻ ഒരൊറ്റ ബാങ്ക് അക്കൗണ്ട് മതിയോ? സാമ്പത്തിക വിദഗ്ധരുടെ മൂന്ന് അക്കൗണ്ട് തന്ത്രം അറിയാം

സമ്പാദ്യം, നിക്ഷേപം, ദൈനംദിന ചെലവ് എന്നിവയ്ക്ക് പ്രത്യേകം അക്കൗണ്ടുകൾ ഉപയോഗിക്കുന്ന മൂന്ന് അക്കൗണ്ട് രീതിയാണ് സാമ്പത്തിക നിയന്ത്രണത്തിന് സഹായകരമാകുന്നത്. പണം എവിടേക്ക് പോകുന്നു എന്ന് വ്യക്തമായി മനസിലാക്കാനും അനാവശ്യ ചെലവുകൾ കുറയ്ക്കാനും ഇത് സഹായിക്കും

പണം വളർത്താൻ ഒരൊറ്റ ബാങ്ക് അക്കൗണ്ട് മതിയോ? സാമ്പത്തിക വിദഗ്ധരുടെ മൂന്ന് അക്കൗണ്ട് തന്ത്രം അറിയാം

വരുമാനം ലഭിക്കുകയും ചെലവഴിക്കുകയും ചെയ്യുന്ന രീതിയാണ് ഒരാളുടെ സാമ്പത്തിക നിലയെ വലിയ തോതിൽ സ്വാധീനിക്കുന്നത്. പലരും ഒരു ബാങ്ക് അക്കൗണ്ടിലൂടെ എല്ലാ ഇടപാടുകളും നടത്തുമ്പോൾ, പണം കൂടുതൽ കാര്യക്ഷമമായി നിയന്ത്രിക്കാൻ അക്കൗണ്ടുകൾ വിഭജിച്ച് ഉപയോഗിക്കുന്നതാണ് നല്ലതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിർദേശം.

സമ്പാദ്യം, നിക്ഷേപം, ദൈനംദിന ചെലവ് എന്നിവയ്ക്ക് പ്രത്യേകം അക്കൗണ്ടുകൾ ഉപയോഗിക്കുന്ന മൂന്ന് അക്കൗണ്ട് രീതിയാണ് സാമ്പത്തിക നിയന്ത്രണത്തിന് സഹായകരമാകുന്നത്. പണം എവിടേക്ക് പോകുന്നു എന്ന് വ്യക്തമായി മനസിലാക്കാനും അനാവശ്യ ചെലവുകൾ കുറയ്ക്കാനും ഇത് സഹായിക്കും.

വരുമാനം സൂക്ഷിക്കാനുള്ള അക്കൗണ്ട്

ശമ്പളം, മറ്റ് സ്ഥിര വരുമാനങ്ങൾ എന്നിവ ലഭിക്കുന്നതിനായി ഒരു പ്രധാന അക്കൗണ്ട് നിലനിർത്താം. വരുമാനം ലഭിച്ച ഉടൻ തന്നെ ആവശ്യമായ തുക നിക്ഷേപത്തിനും ചെലവുകൾക്കുമായി മാറ്റിവയ്ക്കുകയാണ് ഉചിതം. ഈ അക്കൗണ്ടിൽ നിന്ന് പതിവ് വാങ്ങലുകളും ചെറിയ ചെലവുകളും നടത്തുന്നത് ഒഴിവാക്കുന്നത് പണം നിയന്ത്രിക്കാൻ സഹായിക്കും.

സമ്പത്ത് സൃഷ്ടിക്കാനുള്ള നിക്ഷേപ അക്കൗണ്ട്

ഭാവിയിലേക്കുള്ള സാമ്പത്തിക ലക്ഷ്യങ്ങൾക്കായി മാറ്റിവയ്ക്കുന്ന പണം സൂക്ഷിക്കാൻ പ്രത്യേക അക്കൗണ്ട് ഉപയോഗിക്കാം. ഓഹരി, മ്യൂച്വൽ ഫണ്ട് തുടങ്ങിയ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകൾ ഇതുവഴി നടത്താം. വിപണിയിലെ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ആവശ്യമായ തുകയും ഇവിടെ ക്രമീകരിക്കാം.

ദൈനംദിന ആവശ്യങ്ങൾക്കുള്ള ചെലവ് അക്കൗണ്ട്

വീട്ടുചെലവുകൾ, യാത്ര, ഭക്ഷണം, മറ്റ് പതിവ് ആവശ്യങ്ങൾ എന്നിവയ്ക്കായി പ്രത്യേകം അക്കൗണ്ട് ഉപയോഗിക്കുന്നത് ചെലവുകൾ നിരീക്ഷിക്കാൻ സഹായിക്കും. മാസത്തിലെ ആവശ്യമായ തുക മാത്രം ഈ അക്കൗണ്ടിലേക്ക് മാറ്റുന്നതിലൂടെ ബജറ്റ് പാലിക്കാനും സാധിക്കും.

പണം കൈകാര്യം ചെയ്യുന്നതിൽ വ്യക്തമായ വേർതിരിവ് കൊണ്ടുവരുന്നതാണ് മൂന്ന് അക്കൗണ്ട് സംവിധാനത്തിന്റെ ലക്ഷ്യം. വരുമാനം സംരക്ഷിക്കുകയും നിക്ഷേപം വർധിപ്പിക്കുകയും ചെലവുകൾ നിയന്ത്രിക്കുകയും ചെയ്യാൻ ഈ രീതി സഹായിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.