കരളിന്റെ ആരോഗ്യം അപകടത്തിലാണോ? അവഗണിക്കരുതാത്ത അഞ്ച് ലക്ഷണങ്ങൾ
ചെറുകുടലിൽ കൊഴുപ്പും വിറ്റാമിനുകളും ആഗിരണം ചെയ്യാൻ സഹായിക്കുന്ന പിത്തരസം ഉത്പാദിപ്പിക്കുന്നതും മദ്യം, മരുന്നുകൾ, മറ്റ് രാസവസ്തുക്കൾ എന്നിവ മൂലമുണ്ടാകുന്ന ദോഷകരമായ ഘടകങ്ങളെ രക്തത്തിൽ നിന്ന് അരിച്ചുമാറ്റുന്നതും കരളാണ്
ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കരൾ. ദഹനപ്രക്രിയ സുഗമമാക്കുന്നതിനും ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യുന്നതിനും കരൾ നിർണായക പങ്ക് വഹിക്കുന്നു. ചെറുകുടലിൽ കൊഴുപ്പും വിറ്റാമിനുകളും ആഗിരണം ചെയ്യാൻ സഹായിക്കുന്ന പിത്തരസം ഉത്പാദിപ്പിക്കുന്നതും മദ്യം, മരുന്നുകൾ, മറ്റ് രാസവസ്തുക്കൾ എന്നിവ മൂലമുണ്ടാകുന്ന ദോഷകരമായ ഘടകങ്ങളെ രക്തത്തിൽ നിന്ന് അരിച്ചുമാറ്റുന്നതും കരളാണ്.
കരളിന്റെ പ്രവർത്തനം തകരാറിലാകുമ്പോൾ ശരീരം പലവിധ മുന്നറിയിപ്പുകൾ നൽകാറുണ്ട്. ഈ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും.

1. കണ്ണുകളിലും ചർമ്മത്തിലും മഞ്ഞനിറം
കണ്ണുകളിലും ചർമ്മത്തിലും മഞ്ഞനിറം പ്രത്യക്ഷപ്പെടുന്നത് കരൾ സംബന്ധമായ പ്രശ്നങ്ങളുടെ പ്രധാന സൂചനകളിലൊന്നാണ്. ബിലിറൂബിൻ എന്ന ഘടകം കരളിന് ശരിയായ രീതിയിൽ സംസ്കരിക്കാനോ ശരീരത്തിൽ നിന്ന് പുറന്തള്ളാനോ കഴിയാതെ വരുമ്പോഴാണ് മഞ്ഞപ്പിത്തം ഉണ്ടാകുന്നത്. കരൾ രോഗങ്ങൾ, പിത്തനാളിയിലെ തടസ്സങ്ങൾ, ചുവന്ന രക്താണുക്കളുടെ അമിത നാശം എന്നിവയും ഇതിന് കാരണമാകാം.
2. വിട്ടുമാറാത്ത ക്ഷീണം
ദീർഘനേരം തുടരുന്ന അമിതമായ ക്ഷീണം കരൾ രോഗങ്ങളുടെ സാധാരണ ലക്ഷണങ്ങളിൽ ഒന്നാണ്. ശരീരത്തിലെ വീക്കം, പേശികളുടെ കുറവ്, ഉറക്കത്തിലെ പ്രശ്നങ്ങൾ, വിളർച്ച, മസ്തിഷ്കത്തിലേക്കുള്ള സിഗ്നലുകളിലെ മാറ്റങ്ങൾ തുടങ്ങിയ കാരണങ്ങൾ മൂലം കരൾ പ്രശ്നങ്ങളുള്ളവരിൽ കടുത്ത തളർച്ച അനുഭവപ്പെടാം.
3. ഓക്കാനം, വിശപ്പില്ലായ്മ
കരൾ ഉത്പാദിപ്പിക്കുന്ന പിത്തരസം ദഹനത്തിന് അത്യാവശ്യമാണ്. കരളിന്റെ പ്രവർത്തനം തകരാറിലാകുമ്പോൾ ദഹനപ്രക്രിയയെ അത് ബാധിക്കുകയും വയറു വീർക്കുക, ഭക്ഷണം ദഹിക്കാൻ ബുദ്ധിമുട്ട്, രുചിയിൽ വ്യത്യാസം, വിശപ്പില്ലായ്മ എന്നിവ ഉണ്ടാകുകയും ചെയ്യും. ഇതോടൊപ്പം ഓക്കാനവും അനുഭവപ്പെടാം.
4. പെട്ടെന്ന് ചതവുകൾ ഉണ്ടാകുക
രക്തം കട്ടപിടിക്കാൻ ആവശ്യമായ പ്രോട്ടീനുകളുടെ നിർമ്മാണത്തിൽ കരൾ പ്രധാന പങ്ക് വഹിക്കുന്നു. കരളിന്റെ പ്രവർത്തനം കുറയുമ്പോൾ ചെറിയ പരിക്കുകൾക്ക് പോലും എളുപ്പത്തിൽ ചതവുകൾ ഉണ്ടാകാം. മൂക്കിൽ നിന്നോ മോണയിൽ നിന്നോ രക്തം വരിക, അസാധാരണ രക്തസ്രാവം ഉണ്ടാകുക, കറുത്ത നിറത്തിലുള്ള മലം എന്നിവ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളാണ്.
5. കാലുകളിലും വയറ്റിലും വീക്കം
കരളിന് ക്ഷതം സംഭവിക്കുമ്പോൾ രക്തചംക്രമണത്തിലെ സമ്മർദം വർധിക്കുകയും ശരീരത്തിൽ ദ്രാവകം അടിഞ്ഞുകൂടുകയും ചെയ്യാം. ഇതിന്റെ ഫലമായി കാലുകളിലും വയറിലും വീക്കം കാണപ്പെടാം. ശരീരത്തിൽ ദ്രാവകം നിലനിർത്താൻ സഹായിക്കുന്ന അൽബുമിൻ എന്ന പ്രോട്ടീന്റെ കുറവും ഈ അവസ്ഥയ്ക്ക് കാരണമാകാം.

കരളിന്റെ ആരോഗ്യം സംരക്ഷിക്കാൻ സമീകൃത ഭക്ഷണം, ആരോഗ്യകരമായ ജീവിതശൈലി, മദ്യപാനം ഒഴിവാക്കൽ തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ സ്ഥിരമായി അനുഭവപ്പെടുന്നുണ്ടെങ്കിൽ ആരോഗ്യവിദഗ്ധരുടെ നിർദേശം തേടുന്നത് ഉചിതമാണ്.
Comments ()