ന്യൂനമർദവും ചക്രവാതച്ചുഴിയും; കേരളത്തിൽ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്
വടക്കുകിഴക്കൻ മധ്യപ്രദേശിനും വടക്കൻ ഛത്തീസ്ഗഢിനും സമീപം നിലനിൽക്കുന്ന തീവ്ര ന്യൂനമർദം വടക്ക്-വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുകയാണ്. ഇത് തെക്കുകിഴക്കൻ ഉത്തർപ്രദേശിന് സമീപം എത്തുന്നതിനിടെ തീവ്ര ന്യൂനമർദമായി തുടർന്നേക്കും
തിരുവനന്തപുരം: കേരളത്തിൽ അടുത്ത ദിവസങ്ങളിലും മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കുമെങ്കിലും നിലവിൽ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. സെപ്റ്റംബർ 28 മുതൽ 30 വരെ ചില പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
വടക്കുകിഴക്കൻ മധ്യപ്രദേശിനും വടക്കൻ ഛത്തീസ്ഗഢിനും സമീപം നിലനിൽക്കുന്ന തീവ്ര ന്യൂനമർദം വടക്ക്-വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുകയാണ്. ഇത് തെക്കുകിഴക്കൻ ഉത്തർപ്രദേശിന് സമീപം എത്തുന്നതിനിടെ തീവ്ര ന്യൂനമർദമായി തുടർന്നേക്കും. പിന്നീട് ക്രമേണ ശക്തി കുറയുകയും ന്യൂനമർദ മേഖലയായി മാറുകയും ചെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.
അതിനിടെ, തെക്കൻ തായ്ലൻഡിനും സമീപ മ്യാൻമറിനും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയും കാലാവസ്ഥയെ സ്വാധീനിച്ചേക്കും. സെപ്റ്റംബർ 28ഓടെ ഇത് വടക്കൻ ആൻഡമാൻ കടലിൽ എത്താൻ സാധ്യതയുണ്ട്. തുടർന്ന് മ്യാൻമർ-ബംഗ്ലാദേശ് തീരത്തിന് സമാന്തരമായി വടക്ക്-പടിഞ്ഞാറൻ ദിശയിൽ നീങ്ങി വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ പ്രവേശിക്കാനാണ് സാധ്യത. ഇതിന്റെ സ്വാധീനത്തിൽ ഈ മാസം 30 വരെ കേരളത്തിൽ നേരിയതോ മിതമായതോ ആയ മഴ ലഭിച്ചേക്കും.
ഇടിമിന്നൽ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. തുറസ്സായ സ്ഥലങ്ങളിലും മരങ്ങൾക്കും വൈദ്യുതി ലൈനുകൾക്കും സമീപവും കഴിയുന്നത്ര ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
കടൽ പ്രക്ഷുബ്ധമാകാൻ സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്
കേരളം, മാഹി, ലക്ഷദ്വീപ്, തെക്കൻ തമിഴ്നാട് തീരങ്ങളിൽ സെപ്റ്റംബർ 28 വരെ കള്ളക്കടൽ മുന്നറിയിപ്പിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിലെ മുഴുവൻ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള തീരത്ത് നാളെ രാവിലെ 10.30 വരെ 1 മുതൽ 1.5 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശ മേഖലകളിൽ ജാഗ്രത വേണം. പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ കടൽവെള്ളം കയറാനും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം.
Comments ()