'ബീച്ചില്‍ ചിലവഴിച്ച ശേഷം പൊള്ളലേറ്റ ശരീരവുമായി എമര്‍ജന്‍സി വാര്‍ഡില്‍ കിടക്കേണ്ടി വരും' ; ഇറ്റാലിയന്‍ ബീച്ചില്‍ കുട ചൂടാന്‍ പ്രായപരിധി! പുതിയ നിയമത്തിനെതിരെ പരിഹാസം
10 വയസ്സിനും 65 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ ബീച്ചില്‍ കുടകളോ മറ്റ് തണല്‍ സംവിധാനങ്ങളോ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് പുതിയ നിയമം.
റോം: ഇറ്റലിയിലെ കടല്‍ത്തീര നിയമങ്ങള്‍ പലപ്പോഴും വിചിത്രമാണ്. ഇപ്പോഴിതാ ഇറ്റലിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പുന്ത മൊലെന്റിസ് ബീച്ചില്‍ വിചിത്രമായ നിയമം കൊണ്ടുവന്നിരിക്കുകയാണ് അധികൃതര്‍. 10 വയസ്സിനും 65 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ ബീച്ചില്‍ കുടകളോ മറ്റ് തണല്‍ സംവിധാനങ്ങളോ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് പുതിയ നിയമം. അതുകൊണ്ടു തന്നെ ബീച്ചുകളില്‍ പോകുമ്പോള്‍ ഇനി പ്രായം കൂടി നോക്കേണ്ടി വരും.
പുതിയ നിയമം അനുസരിച്ച് 10 വയസ്സുവരെയുള്ള കുട്ടികളുള്ള കുടുംബങ്ങള്‍ക്കും, 65 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും മാത്രമേ ബീച്ചില്‍ കുട ഉപയോഗിക്കാനാവൂ. മറ്റെല്ലാവരും വെയിലത്ത് കഴിയേണ്ടി വരും. ഇതിന് പുറമെ, ജൂണ്‍ മുതല്‍ ഒക്ടോബര്‍ അവസാനം വരെ ബീച്ചില്‍ പ്രവേശിക്കാന്‍ 10 യൂറോ പ്രവേശന ഫീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഭിന്നശേഷിക്കാര്‍ ഫീസ് നല്‍കേണ്ടതില്ല.
തീരുമാനത്തിന് പിന്നില്‍ ചില സുരക്ഷാ കാരണങ്ങളുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ഇവിടെ വന്‍ തീപിടിത്തമുണ്ടായിരുന്നു. ബീച്ചില്‍ വരുന്ന വിനോദ സഞ്ചാരികള്‍ ആയിരക്കണക്കിന് കുടകള്‍ സ്ഥാപിച്ചതിനാല്‍ കരമാര്‍ഗ്ഗം ആംബുലന്‍സുകള്‍ക്കു രക്ഷാപ്രവര്‍ത്തകര്‍ക്കും വരാന്‍ ബുദ്ധിമുട്ടായി. തുടര്‍ന്ന് ബോട്ട്മാര്‍ഗമാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.
ഇത്തരം അടിയന്തര സാഹചര്യങ്ങളില്‍ ആളുകളെ പെട്ടെന്ന് ഒഴിപ്പിക്കാനാണ് കുട നിയന്ത്രണം നടപ്പാക്കുന്നത്. ആളുകള്‍ തോന്നിയതുപോലെ കുടകള്‍ സ്ഥാപിക്കുന്നത് കടല്‍ക്കാഴ്ചകളെ മറയ്ക്കുമെന്നും അധികൃതര്‍ പറയുന്നു.
ഇറ്റലിയിലെ പ്രധാന ബീച്ചുകളളെല്ലാം സ്വകാര്യ ക്ലബ്ബുകളുടെ നിയന്ത്രണത്തിലാണ്. ഇവിടെ ഒരു ദിവസത്തേക്ക് ഒരു കസേരയ്ക്കും കുടയ്ക്കുമായി 10,000 രൂപ മുതല്‍ 45,000 രൂപ വരെ ഈടാക്കാറുണ്ട്. ഇതിനു മുന്‍പും സാര്‍ഡീനിയയിലെ ബീച്ചുകളില്‍ കടുത്ത നിയമങ്ങള്‍ വന്നിട്ടുണ്ട്.
അതുപോലെ ബീച്ചിലെ മണല്‍ വീട്ടിലേക്ക് കൊണ്ടുപോകുന്നതിന് ഇവിടെ നിരോധനമുണ്ട്. നിയമം ലംഘിച്ചാല്‍ 3,000 ഡോളറിലധികം (ഏകദേശം 2.5 ലക്ഷം രൂപ) പിഴയൊടുക്കണം. വസ്ത്രങ്ങളിലും ടവ്വലുകളിലും മണല്‍ ഒട്ടിപ്പിടിക്കാതിരിക്കാന്‍ സാധാരണ ടവ്വലുകള്‍ക്ക് പകരം വൈക്കോല്‍ പായകള്‍ മാത്രമേ ഇവിടെ ഉപയോഗിക്കാവൂ.
അതേസമയം, ഈ വിചിത്ര നിയമത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. 'വെയിലില്‍ നിന്ന് രക്ഷപ്പെടാന്‍ ഇനി പ്രസവിച്ച് കുട്ടിയുമായി വരണോ?' എന്നും, 'ബീച്ചില്‍ ഒരു ദിവസം ചിലവഴിച്ച ശേഷം പൊള്ളലേറ്റ ശരീരവുമായി 20 മണിക്കൂര്‍ എമര്‍ജന്‍സി വാര്‍ഡില്‍ കിടക്കേണ്ടി വരുമെന്നാക്കെയാണ് നഗരസഭയുടെ വെബ്‌സൈറ്റില്‍ പരിഹാസ കമന്റുകള്‍.
Comments ()