വർഷങ്ങളായി കാണാതായ 30 യുവാക്കൾ പാക്കിസ്ഥാനിൽ, ബോംബുണ്ടാക്കാൻ പരിശീലനം! സ്വത്തുക്കൾ കണ്ടുകെട്ടി പൊലീസ്

30 ഓളം യുവാക്കൾ ഹിസ്ബു‍ൾ മുജാഹിദീനുവേണ്ടിയാണ് പ്രവർത്തിക്കുന്നത്.

വർഷങ്ങളായി കാണാതായ 30 യുവാക്കൾ പാക്കിസ്ഥാനിൽ, ബോംബുണ്ടാക്കാൻ പരിശീലനം! സ്വത്തുക്കൾ കണ്ടുകെട്ടി പൊലീസ്

ന്യൂഡൽഹി: 1991 നും 2003 നും ഇടയിൽ ജമ്മു കശ്മീരിൽ നിന്ന് കാണാതായ 30 പേർ അതിർത്തി കടന്ന് ഭീകരപരിശീലനത്തിനായി പാക്കിസ്ഥാനിലേക്ക് പോയതായി കണ്ടെത്തൽ. കശ്മീരിലെ മഹോർ, ചസ്സാന കുന്നുകളിൽ നിന്ന് അപ്രത്യക്ഷരായ ഇവർ ഇന്ത്യയ്‌ക്കെതിരായ ഭീകരപരിശീലനത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് അന്വേഷണത്തിൽ വ്യക്തമായതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

ഹിസ്ബുൾ മുജാഹിദീൻ എന്ന ഭീകരസംഘടനയ്ക്ക് വേണ്ടിയാണ് ഈ മുപ്പതോളം യുവാക്കൾ പ്രവർത്തിക്കുന്നത്. ഇന്ത്യയ്‌ക്കെതിരെ ആക്രമണങ്ങൾ നടത്തുന്നതിനായി സ്ഫോടകവസ്തുക്കൾ നിർമ്മിക്കാനും ആയുധങ്ങൾ ഉപയോഗിക്കാനുമുള്ള പരിശീലനമാണ് ഇവർ നേടുന്നത്. കൂടാതെ, കശ്മീരിലെ ഭീകരപ്രവർത്തനങ്ങൾ വീണ്ടും സജീവമാക്കുന്നതിനായി പ്രാദേശിക യുവാക്കളെ പ്രേരിപ്പിക്കാനും ഇവർ ശ്രമം നടത്തുന്നുണ്ട്.

കാണാതായവർ അതിർത്തി കടന്ന് ഭീകരപ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നുണ്ടെന്ന് 2024-ലാണ് ഇന്ത്യൻ അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ, പാക്കിസ്ഥാനിലേക്ക് കടന്നവർ തങ്ങളുടെ പേരിലുള്ളതും പാരമ്പര്യമായി ലഭിച്ചതുമായ ഭൂസ്വത്തുക്കൾ വിൽക്കാൻ ശ്രമിക്കുന്നതായി കണ്ടെത്തി. ഭൂമി വിറ്റുകിട്ടുന്ന പണം ഭീകരപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാനായിരുന്നു ഇവരുടെ ലക്ഷ്യം.

ഇത്തരം നീക്കങ്ങൾ തടയുന്നതിന്റെ ഭാഗമായി, ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ പൊലീസ് ശക്തമാക്കിയിട്ടുണ്ട്. ജമ്മു കശ്മീർ ഡിജിപിയുടെ ഉത്തരവിനെത്തുടർന്ന് അഞ്ചോളം ഭീകരരുടെ സ്വത്തുക്കൾ ഇതിനോടകം പിടിച്ചെടുത്തു കഴിഞ്ഞു.