തിരുപ്പതി ക്ഷേത്രത്തിന് 150 കോടിയിലേറെ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ; സംഭാവന നൽകിയത് ചെന്നൈ സ്വദേശി
ഒൻപത് സെറ്റുകളിലായി 45 ആഭരണങ്ങളാണ് സംഭാവനയുടെ ഭാഗമായുള്ളത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ സാന്നിധ്യത്തിലാണ് ആഭരണങ്ങൾ ക്ഷേത്രത്തിന് കൈമാറിയത്
തിരുപ്പതി: തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിന് 121 കിലോ സ്വർണാഭരണങ്ങൾ സമർപ്പിച്ച് ചെന്നൈ സ്വദേശിയായ ഭക്തൻ. ക്ഷേത്രത്തിന്റെ ചരിത്രത്തിൽ ഒരു വ്യക്തി നൽകുന്ന ഏറ്റവും വലിയ സംഭാവനയാണിതെന്നാണ് റിപ്പോർട്ടുകൾ. ചെന്നൈയിൽ നിന്നുള്ള വർധമാൻ ജയിനാണ് 150 കോടി രൂപയിലേറെ മൂല്യം കണക്കാക്കുന്ന ആഭരണങ്ങൾ വഴിപാടായി നൽകിയത്.
ഒൻപത് സെറ്റുകളിലായി 45 ആഭരണങ്ങളാണ് സംഭാവനയുടെ ഭാഗമായുള്ളത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ സാന്നിധ്യത്തിലാണ് ആഭരണങ്ങൾ ക്ഷേത്രത്തിന് കൈമാറിയത്. സംഭാവനയെക്കുറിച്ചുള്ള വിവരം നേരത്തെ പുറത്തുവന്നിരുന്നെങ്കിലും ദാതാവിന്റെ പേര് രഹസ്യമായി സൂക്ഷിക്കുകയായിരുന്നു.
ക്ഷേത്രത്തിലെ പ്രതിഷ്ഠയിൽ അണിയിക്കാനായി പ്രത്യേക രൂപകൽപ്പനയിൽ തയ്യാറാക്കിയവയാണ് ആഭരണങ്ങളെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശ്രീവരി കിരീടം, പദ്മ പാഡലു എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ചെന്നൈ ആസ്ഥാനമായുള്ള ജിആർടി ജ്വല്ലറിയാണ് ആഭരണങ്ങൾ നിർമിച്ചത്. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ജ്വല്ലറി ജീവനക്കാർ ഇവ തിരുപ്പതിയിൽ എത്തിച്ചത്.
വെള്ളിയാഴ്ച മുതൽ പുതിയ ആഭരണങ്ങൾ പ്രതിഷ്ഠയിൽ അണിയിക്കാനാണ് ക്ഷേത്ര ഭാരവാഹികളുടെ തീരുമാനം.
Comments ()