'പാകിസ്താനി സീരീസ് ഇന്ത്യയിൽ സ്ട്രീം ചെയ്യരുത്'; മുന്നറിയിപ്പുമായി കേന്ദ്രം
പാകിസ്താന് സീരീസ് ഇന്ത്യയില്‍ സ്ട്രീമിങ് ചെയ്യരുതെന്ന് നെറ്റ്ഫ്ലിക്സിന് കര്‍ശന നിര്‍ദേശം നല്കി കേന്ദ്രസര്‍ക്കാര്‍.
പാകിസ്താനിൽ നിന്നുള്ള വെബ് സീരീസുകളും മറ്റ് ഉള്ളടക്കങ്ങളും ഇന്ത്യയിൽ സ്ട്രീം ചെയ്യരുതെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നെറ്റ്ഫ്ലിക്സിന് കർശന നിർദേശം നൽകി. പാകിസ്താനിൽ നിന്നുള്ള യാതൊരുവിധ ഉള്ളടക്കവും ഇന്ത്യയിൽ ലഭ്യമാക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നാണ് മന്ത്രാലയത്തിന്റെ താക്കീത്. ഫവാദ് ഖാനും മഹിറ ഖാനും അഭിനയിച്ച് ഡിസംബർ 4-ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യാനിരിക്കുന്ന 'ജോ ബച്ചേ ഹെ സാങ് സമൈത് ലോ' എന്ന പാകിസ്താനി വെബ് സീരീസ് ഇന്ത്യയിൽ എത്താൻ സാധ്യതയുണ്ടെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് നടപടി.
നേരത്തെ നൽകിയ നിർദേശങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ട് ഈ സീരീസ് ഇന്ത്യയിൽ റിലീസ് ചെയ്യരുതെന്ന് കേന്ദ്രം വ്യക്തമാക്കിയപ്പോൾ, കഴിഞ്ഞ വർഷം ജൂൺ മുതൽ പാകിസ്താനിൽ നിന്നുള്ള സിനിമകളോ പരമ്പരകളോ ഇന്ത്യയിലെ വരിക്കാർക്ക് ലഭ്യമാക്കിയിട്ടില്ലെന്ന് നെറ്റ്ഫ്ലിക്സ് മന്ത്രാലയത്തെ അറിയിച്ചു.
ഓൾ ഇന്ത്യ സിനി വർക്കേഴ്സ് അസോസിയേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചതിനെത്തുടർന്ന്, 2025 മെയ് 8-നാണ് വെബ് സീരീസുകൾ, സിനിമകൾ, ഗാനങ്ങൾ, പോഡ്കാസ്റ്റുകൾ എന്നിവയുൾപ്പെടെ പാകിസ്താനിൽ നിന്നുള്ള എല്ലാ ഉള്ളടക്കങ്ങളും നിർത്തലാക്കാൻ ഒടിടി പ്ലാറ്റ്ഫോമുകൾക്കും സ്ട്രീമിംഗ് സേവനങ്ങൾക്കും ഇടനിലക്കാർക്കും കേന്ദ്രം നിർദേശം നൽകിയത്.
ഇതിനിടെ, സാഖിബ് ഖാൻ സംവിധാനം ചെയ്ത് ഷെഹെരിയാർ മുനവറിന്റെ അബുബക്കർ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയമായ 'ദർ-ഇ-നിജാത്ത്' എന്ന പാകിസ്താനി റൊമാന്റിക് ഡ്രാമ സീരീസ് ഡൽഹിക്ക് പിന്നാലെ ബെംഗളൂരുവിൽ പ്രദർശിപ്പിക്കാൻ തീരുമാനിച്ചതും വിവാദങ്ങൾക്ക് വഴിവെച്ചു. നവംബർ 28, ഡിസംബർ 5 തീയതികളിലായി ബെംഗളൂരുവിലെ രണ്ട് വേദികളിൽ നിശ്ചയിച്ചിരുന്ന പ്രദർശനങ്ങൾ, സോഷ്യൽ മീഡിയയിൽ ഉയർന്ന വിമർശനങ്ങളെയും പ്രതിഷേധങ്ങളെയും തുടർന്ന് സംഘാടകർ റദ്ദാക്കിയതായി ബെംഗളൂരു പൊലീസിനെ അറിയിക്കുകയും ചെയ്തു.
Comments ()