പ്രത്യേക പദവി റദ്ദാക്കിയിട്ട് 7 വർഷം: കശ്മീരിൽ കനത്ത സുരക്ഷ
വിവിധ രാഷ്ട്രീയ പാർട്ടികൾ ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തിൽ ഡൽഹിയിലും കശ്മീരിലും ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.
ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിന്റെ ഏഴാം വാര്‍ഷികത്തില്‍ മേഖലയിലുടനീളം സുരക്ഷാ ജാഗ്രത ശക്തമാക്കി. 2019 ഓഗസ്റ്റ് 5-നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത്. ഏഴ് വര്‍ഷം പൂര്‍ത്തിയായിട്ടും സംസ്ഥാന പദവി പുനഃസ്ഥാപിച്ചു നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലും കശ്മീരിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന പദവി തിരികെ നല്‍കുമെന്ന സുപ്രീം കോടതിയിലെ ഉറപ്പ് കേന്ദ്ര സര്‍ക്കാര്‍ പാലിച്ചില്ലെന്നാണ് പ്രധാന വിമര്‍ശനം. സംസ്ഥാന പദവി പുനഃസ്ഥാപിക്കാത്തത് വലിയ വഞ്ചനയാണെന്ന് ചൂണ്ടിക്കാട്ടി നാഷണല്‍ കോണ്‍ഫറന്‍സിന്റെ നേതൃത്വത്തില്‍ ഇന്ത്യാ മുന്നണി ഇന്ന് പാര്‍ലമെന്റ് വളപ്പില്‍ ധര്‍ണ നടത്തും. അതേസമയം, പിഡിപിയുടെ നേതൃത്വത്തില്‍ കശ്മീര്‍ താഴ്വരയിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ പ്രതിഷേധങ്ങള്‍ക്ക് പോലീസ് അനുമതി നിഷേധിച്ചിട്ടുള്ളതിനാല്‍, അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ താഴ്വരയിലുടനീളം പോലീസ് സുരക്ഷ വിപുലമാക്കിയിട്ടുണ്ട്.
Comments ()