പ്രവാസികൾക്ക് വൻ ആശ്വാസം; ഇത്തിഹാദ് എയർവേയ്‌സ് ടിക്കറ്റുകൾ ഇനി 'ജയ്‌വാൻ' കാർഡ് വഴി ബുക്ക് ചെയ്യാം
പ്രത്യേക ഇളവുകൾ, മുൻഗണനാ പ്രവേശന സൗകര്യങ്ങൾ തുടങ്ങിയ ആനുകൂല്യങ്ങൾ ജയ്‌വാന്‍ റോയൽ കാർഡുള്ള ഇത്തിഹാദ് ഗസ്റ്റ് അംഗങ്ങൾക്ക് വരും ദിവസങ്ങളിൽ ലഭിക്കും
യുഎഇയുടെ ദേശീയ ആഭ്യന്തര പേയ്‌മെന്റ് കാർഡായ 'ജയ്‌വാന്‍' (Jaywan) ഉപയോഗിച്ച് ഇനി ഇത്തിഹാദ് എയർവേയ്‌സ് വിമാന ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാം. വിമാന ടിക്കറ്റ് ബുക്കിങ്ങിനായി ജയ്‌വാന്‍ സ്വീകരിക്കുന്ന ആദ്യ എയർലൈനാണ് ഇത്തിഹാദ്. etihad.com വഴി യുഎഇയിലെ ഉപഭോക്താക്കൾക്ക് ഇത്തിഹാദിന്റെ ആഗോള ശൃംഖലയിലെ വിമാനങ്ങൾ ബുക്ക് ചെയ്യുമ്പോൾ ജയ്‌വാന്‍ വഴി പണമടയ്ക്കാനുള്ള സൗകര്യമുണ്ട്. യുഎഇ സെൻട്രൽ ബാങ്കിന്റെ ഉപസ്ഥാപനമായ അൽ ഇത്തിഹാദ് പെയ്‌മെന്റ്സ് 2026 ജൂലൈയിൽ അവതരിപ്പിച്ചതാണ് ഈ പദ്ധതി. ഇത്തിഹാദും അൽ ഇത്തിഹാദ് പെയ്‌മെന്റ്സും തമ്മിൽ 2025 ഒക്ടോബറിൽ ഒപ്പുവെച്ച കരാറിന്റെ തുടർച്ചയായാണ് ഈ പുതിയ മാറ്റം.
ജയ്‌വാന്‍ റോയൽ കാർഡുള്ള ഇത്തിഹാദ് ഗസ്റ്റ് അംഗങ്ങൾക്ക് കംഫർട്ട്, ഡീലക്‌സ് നിരക്കുകളിൽ പ്രത്യേക ഇളവുകളും മുൻഗണനാ പ്രവേശന സൗകര്യങ്ങളും ഉടൻ ലഭ്യമാകുമെന്ന് ഇത്തിഹാദ് വ്യക്തമാക്കുന്നു. ജയ്‌വാന്‍ സ്വീകരിക്കുന്ന ആദ്യ എയർലൈനായത് ഉപഭോക്താക്കൾക്ക് കൂടുതൽ ചോയ്‌സുകളും ഭാവിയിൽ കൂടുതൽ റിവാർഡുകളും നൽകുമെന്ന് ഇത്തിഹാദ് ഗസ്റ്റ് മാനേജിങ് ഡയറക്ടർ മാർക്ക് പോട്ടറും, നേരിട്ട് ടിക്കറ്റിന് പണമടയ്ക്കാനുള്ള സൗകര്യം കാർഡ് ഉടമകൾക്ക് കൂടുതൽ പ്രായോഗികമാണെന്ന് അൽ ഇത്തിഹാദ് പെയ്‌മെന്റ്സ് ചീഫ് പ്രൊഡക്ട്സ് ഓഫീസർ ആൻഡ്രിയ സിയാൻചെട്ടിയും പറഞ്ഞു.
ടൂറിസം മേഖലയിലടക്കം ജയ്‌വാന്‍ ശൃംഖല വിപുലീകരിക്കുമെന്നും, ഇസാദ്, ഫസാ, സാദാ തുടങ്ങിയ റസിഡന്റ് ബെനഫിറ്റ് പദ്ധതികളുമായി സഹകരിച്ച് പ്രത്യേക പാക്കേജുകൾ വികസിപ്പിക്കുമെന്നും എമിറേറ്റ്സ് ടൂറിസം കൗൺസിൽ അറിയിച്ചു. രാജ്യത്തിനകത്തെ വിനോദസഞ്ചാരം, ഹോട്ടലുകൾ, ടൂറിസം സേവനങ്ങൾ എന്നിവയിലെ ആഭ്യന്തര ചെലവഴിക്കൽ വർധിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇത് യുഎഇയുടെ നാഷണൽ ടൂറിസം സ്ട്രാറ്റജി 2031-ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സഹായകരമാകും. 2031-ഓടെ യുഎഇയുടെ ജിഡിപിയിലേക്കുള്ള ടൂറിസം മേഖലയുടെ സംഭാവന 450 ബില്യൺ ദിർഹമായി ഉയർത്തുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
Comments ()