ബുർജ് ഖലീഫ ഇനി രണ്ടാമത്; ഉയരങ്ങളുടെ ചരിത്രം തിരുത്തിയെഴുതാൻ സൗദി, 'ജിദ്ദ ഇക്കണോമിക് സിറ്റി ടവർ' വരുന്നു

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന പദവി സ്വന്തമാക്കാന്‍ സൗദി അറേബ്യയിലെ 'ജിദ്ദ ഇക്കണോമിക് സിറ്റി ടവര്‍' ഒരുങ്ങുന്നു.

ബുർജ് ഖലീഫ ഇനി രണ്ടാമത്; ഉയരങ്ങളുടെ ചരിത്രം തിരുത്തിയെഴുതാൻ സൗദി,  'ജിദ്ദ ഇക്കണോമിക് സിറ്റി ടവർ'  വരുന്നു

റിയാദ്: ദുബായിലെ പ്രശസ്തമായ ബുര്‍ജ് ഖലീഫയുടെ (828 മീറ്റര്‍) റെക്കോര്‍ഡ് തകര്‍ത്ത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന പദവി സ്വന്തമാക്കാന്‍ സൗദി അറേബ്യയിലെ 'ജിദ്ദ ഇക്കണോമിക് സിറ്റി ടവര്‍' ഒരുങ്ങുന്നു. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ 1,000 മീറ്ററിലധികം (1 കിലോമീറ്റര്‍) ഉയരം ഉണ്ടാകുന്ന ഈ ബൃഹത്തായ ആകാശചുംബിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഇതിനകം 40 ശതമാനത്തോളം പൂര്‍ത്തിയായിക്കഴിഞ്ഞു. നിലവില്‍ 430 മീറ്റര്‍ ഉയരം പിന്നിട്ട പദ്ധതിയുടെ പുരോഗതി പ്രധാന നിക്ഷേപകനായ അല്‍വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍ നേരിട്ടെത്തി വിലയിരുത്തി. ഈ ചരിത്രനിര്‍മ്മിതി പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കെട്ടിടമെന്ന നേട്ടം ജിദ്ദ ടവറിന് സ്വന്തമാകും.

57 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ ഒരുങ്ങുന്ന ജിദ്ദ ഇക്കണോമിക് സിറ്റി ടവറില്‍ ആഡംബര ഫ്‌ലാറ്റുകള്‍, പഞ്ചനക്ഷത്ര ഹോട്ടല്‍, അത്യാധുനിക ഓഫീസ് മുറികള്‍ എന്നിവയ്ക്ക് പുറമെ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരീക്ഷണ കേന്ദ്രങ്ങളിലൊന്നും സജ്ജീകരിക്കുന്നുണ്ട്. ജിദ്ദ ഇക്കണോമിക് കമ്പനി, കിംഗ്ഡം ഹോള്‍ഡിംഗ് കമ്പനി, സൗദി ബിന്‍ലാഡിന്‍ ഗ്രൂപ്പ് എന്നിവരുടെ സംയുക്ത നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന ഈ മെഗാ പ്രൊജക്ട് സൗദി അറേബ്യയുടെ സാമ്പത്തിക-വിനോദസഞ്ചാര മേഖലകളില്‍ വലിയ കുതിച്ചുചാട്ടം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.