കാർ മരത്തിലിടിച്ച് അപകടം; ജിസാനിലെ പ്രമുഖ മലയാളി പ്രവർത്തകൻ മരിച്ചു
മകനും കൊച്ചി ഹൈക്കോടതി അഭിഭാഷകനുമായ ഹാഷ്മി, മകൾ ഖദീജ, സുഹൃത്തും മുൻ സൗദി പ്രവാസിയുമായ ഡോ. ടി.പി. മുബാറക് സാനി എന്നിവർക്കൊപ്പമാണ് താഹ രാമേശ്വരത്തേക്ക് വിനോദയാത്ര പോയത്. മടങ്ങുന്നതിനിടെ തിരുനെൽവേലി-തെങ്കാശി റോഡിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു
റിയാദ്: അവധിക്കായി നാട്ടിലെത്തിയ സൗദി പ്രവാസി മലയാളി വാഹനാപകടത്തിൽ മരിച്ചു. ആലപ്പുഴ വള്ളികുന്നം ചൂനാട് സ്വദേശി താഹ കൊല്ലേത്ത് (61) ആണ് തമിഴ്നാട്ടിൽ വാഹനാപകടത്തിൽ മരിച്ചത്. ജിസാനിൽ സാമൂഹിക, സാംസ്‌കാരിക, മാധ്യമ രംഗങ്ങളിൽ സജീവമായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.
മകനും കൊച്ചി ഹൈക്കോടതി അഭിഭാഷകനുമായ ഹാഷ്മി, മകൾ ഖദീജ, സുഹൃത്തും മുൻ സൗദി പ്രവാസിയുമായ ഡോ. ടി.പി. മുബാറക് സാനി എന്നിവർക്കൊപ്പമാണ് താഹ രാമേശ്വരത്തേക്ക് വിനോദയാത്ര പോയത്. മടങ്ങുന്നതിനിടെ തിരുനെൽവേലി-തെങ്കാശി റോഡിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി നടന്ന അപകടത്തിൽ താഹയ്ക്ക് സംഭവസ്ഥലത്തുതന്നെ ജീവൻ നഷ്ടപ്പെട്ടു.
അപകടത്തിൽ പരിക്കേറ്റ ഡോ. മുബാറക് സാനി തെങ്കാശിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. താഹയുടെ മക്കളെയും പരിക്കുകളോടെ കൊല്ലത്തെ മെഡിസിറ്റി ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം തെങ്കാശിയിൽ നിന്ന് നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ജിസാനിലെ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യം
വർഷങ്ങളായി സൗദിയിൽ പ്രവാസജീവിതം നയിച്ചിരുന്ന താഹ ജിസാനിലെ ഷിപ്പിങ് കമ്പനിയിൽ അസിസ്റ്റന്റ് മാനേജറായി ജോലി ചെയ്തുവരികയായിരുന്നു. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, മാധ്യമ മേഖലകളിലും സജീവമായിരുന്നു.
സൗദി മലയാളം മിഷൻ ചാപ്റ്ററിന്റെ ആദ്യ സെക്രട്ടറിയായിരുന്ന അദ്ദേഹം നിലവിൽ ചെയർമാനായിരുന്നു. ജിസാനിലെ സാംസ്‌കാരിക കൂട്ടായ്മയായ ‘ജല’യുടെ രക്ഷാധികാരിയായും പ്രവർത്തിച്ചു. ജിദ്ദയിൽനിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസിന്റെ ലേഖകനായും സേവനമനുഷ്ഠിച്ചിരുന്നു.
ജിസാൻ സർവകലാശാലയിൽ പ്രഫസറായ ഭാര്യ ലിമ അവധി കഴിഞ്ഞ് ഒരാഴ്ച മുമ്പാണ് സൗദിയിലേക്ക് മടങ്ങിയത്. താഹയുടെ അപ്രതീക്ഷിത വേർപാട് ജിസാനിലെ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വലിയ ആഘാതമായി.
Comments ()