മാധ്യമപ്രവർത്തകൻ തീവണ്ടി തട്ടി മരിച്ച നിലയിൽ

മാതൃഭൂമി ദിനപത്രത്തിന്‍റെ കുറ്റിപ്പുറം ലേഖകനായിരുന്നു.

മാധ്യമപ്രവർത്തകൻ തീവണ്ടി തട്ടി മരിച്ച നിലയിൽ

മലപ്പുറം: മുതിർന്ന മാധ്യമ പ്രവർത്തകനും കുറ്റിപ്പുറം പ്രസ് ക്ലബ് രക്ഷാധികാരിയുമായ സുരേഷ് ഇ. നായർ അന്തരിച്ചു. തവനൂർ മാണൂർ സ്വദേശിയായ ഇദ്ദേഹത്തെ ശനിയാഴ്ച രാത്രി തിരുനാവായ റെയിൽവേ സ്റ്റേഷന് സമീപം തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മാതൃഭൂമി ദിനപത്രത്തിന്റെ കുറ്റിപ്പുറം ലേഖകനായി പ്രവർത്തിച്ചു വരികയായിരുന്നു. മുൻപ് ദീപിക, മാധ്യമം എന്നീ പത്രങ്ങളിലും പ്രാദേശിക ലേഖകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കുറ്റിപ്പുറം പ്രസ് ക്ലബിന്റെ ആദ്യകാല പ്രസിഡന്റായിരുന്ന അദ്ദേഹം നിലവിൽ സംഘടനയുടെ രക്ഷാധികാരിയാണ്.

പത്രപ്രവർത്തനത്തിന് പുറമെ വട്ടംകുളം പോസ്റ്റ് ഓഫീസിലെ ജീവനക്കാരൻ കൂടിയായിരുന്നു സുരേഷ്. കേരള കാറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹിയായ ഇദ്ദേഹത്തിന് എടപ്പാൾ ആസ്ഥാനമായി 'മയൂര' എന്ന പേരിൽ സ്വന്തമായി കാറ്ററിങ് സ്ഥാപനവുമുണ്ട്.

നിലവിൽ തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള ഔദ്യോഗിക നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.