സംശയരോഗം, ഭാര്യയെ വര്‍ഷങ്ങളോളം ശാരീരിക പീഡനമേല്‍പ്പിച്ച് കൊന്നു; മലപ്പുറം സ്വദേശിക്ക് ജീവപര്യന്തം

താജുദ്ദീന്റെ ഭാര്യ ഉമ്മുക്കുൽസു കൊല്ലപ്പെട്ട കേസിലാണു ശിക്ഷ.

സംശയരോഗം, ഭാര്യയെ വര്‍ഷങ്ങളോളം ശാരീരിക പീഡനമേല്‍പ്പിച്ച് കൊന്നു; മലപ്പുറം സ്വദേശിക്ക് ജീവപര്യന്തം

കോഴിക്കോട്: സംശയത്തിന്റെ പേരിൽ ഭാര്യയെ വർഷങ്ങളായി ക്രൂരമായ ശാരീരിക പീഡനങ്ങൾക്കിരയാക്കി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. മലപ്പുറം എടരിക്കോട് കൊയ്യപ്പ കോവിലകത്ത് താജുദ്ദീനെ (38) ആണ് കോഴിക്കോട് ഫസ്റ്റ് അഡീഷണൽ ജില്ലാ ജഡ്ജി എൻ.ആർ. കൃഷ്ണകുമാർ ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്. താജുദ്ദീന്റെ ഭാര്യ ഉമ്മുക്കുൽസു കൊല്ലപ്പെട്ട കേസിലാണ് ഈ നിർണ്ണായക വിധി.

കോടതി ചുമത്തിയ ഒരു ലക്ഷം രൂപ പിഴയിൽ 50,000 രൂപ ഇവരുടെ രണ്ട് മക്കൾക്ക് നൽകാനും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. പിഴ അടച്ചില്ലെങ്കിൽ പ്രതി ആറുമാസം കൂടി അധിക തടവുശിക്ഷ അനുഭവിക്കേണ്ടി വരും. കേസിലെ രണ്ടും മൂന്നും പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി കഴിഞ്ഞ വെള്ളിയാഴ്ച വെറുതെ വിട്ടിരുന്നു. സംഭവം നടന്നത് മുതൽ റിമാൻഡ് തടവുകാരനായി ജയിലിൽ കഴിയുകയായിരുന്നു താജുദ്ദീൻ.

2021 ഒക്ടോബർ 8-നാണ് നാടിനെ നടുക്കിയ കേസിനാസ്പദമായ സംഭവം നടക്കുന്നത്. കേസിന്റെ വിചാരണ വേളയിൽ ഒന്നാം പ്രതിയായ താജുദ്ദീന്റെ ഉമ്മയും സഹോദരിയും എട്ട് വയസ്സുള്ള മകളും പ്രതിക്കെതിരെ കോടതിയിൽ ശക്തമായ മൊഴി നൽകിയിരുന്നു. ബാലുശ്ശേരി പൊലീസ് അന്വേഷിച്ച ഈ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ എം.കെ. സുരേഷ് കുമാറാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ എൻ. ഷംസുദ്ദീൻ, രശ്മി റാം എന്നിവർ കോടതിയിൽ ഹാജരായി.