കേരളപ്പിറവി ദിനത്തിൽ വൈദ്യുതി മുടങ്ങില്ല; 600 മെഗാവാട്ട് അധിക വൈദ്യുതി ഉറപ്പാക്കി കെഎസ്ഇബി

അടുത്ത ഒരാഴ്ചത്തെ ആവശ്യത്തിന് വൈദ്യുതി ലഭ്യമാക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കിയതായും 600 മെഗാവാട്ട് വൈദ്യുതി ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും ബോർഡ് അറിയിച്ചു. ഇതോടെ നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസമാകും

കേരളപ്പിറവി ദിനത്തിൽ വൈദ്യുതി മുടങ്ങില്ല; 600 മെഗാവാട്ട് അധിക വൈദ്യുതി ഉറപ്പാക്കി കെഎസ്ഇബി

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടാകില്ലെന്ന് കെഎസ്ഇബി. അടുത്ത ഒരാഴ്ചത്തെ ആവശ്യത്തിന് വൈദ്യുതി ലഭ്യമാക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കിയതായും 600 മെഗാവാട്ട് വൈദ്യുതി ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും ബോർഡ് അറിയിച്ചു. ഇതോടെ നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസമാകും.

പവർ എക്സ്ചേഞ്ചിന്റെ തൽസമയ വിപണിയിലൂടെ 600 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാനാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്. ജനറൽ ആക്സസ് നെറ്റ്‌വർക്ക് വഴി യൂണിറ്റിന് 8.65 രൂപ നിരക്കിൽ പരമാവധി 500 മെഗാവാട്ട് വൈദ്യുതി നൽകാമെന്നാണ് ധാരണ. ഇതിനുപുറമെ, വൈകുന്നേരങ്ങളിലെ ഉയർന്ന വൈദ്യുതി ആവശ്യകത നേരിടാൻ 300 മെഗാവാട്ട് വൈദ്യുതി ഇതിനകം വാങ്ങിയിട്ടുണ്ട്. യൂണിറ്റിന് 4.99 രൂപ മുതൽ 10 രൂപ വരെയാണ് ഇതിനായി ചെലവാകുന്നത്.

ആവശ്യകത വീണ്ടും ഉയരുകയാണെങ്കിൽ ഒന്നര മണിക്കൂർ മുമ്പ് അധിക വൈദ്യുതി വാങ്ങാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. നാളെ ഏകദേശം 700 മെഗാവാട്ടിന്റെ കുറവ് ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. വിപണിയിൽനിന്നുള്ള വൈദ്യുതി ലഭ്യത ഉപയോഗിച്ച് ഈ കുറവ് പരിഹരിക്കാനാകുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. സംസ്ഥാനത്തെ നിലവിലെ വൈദ്യുതി സാഹചര്യം മുഖ്യമന്ത്രി, വൈദ്യുതി മന്ത്രി, കെഎസ്ഇബി ചെയർമാൻ എന്നിവർ ഓൺലൈനായി ചേർന്ന് വിലയിരുത്തി.