വീടെത്താന്‍ മിനിറ്റുകള്‍ മാത്രം; വിവാഹപ്പന്തലിലേക്ക് മടങ്ങുംവഴി കൂട്ടുകാര്‍ക്ക് ദാരുണാന്ത്യം
ബെംഗളൂരുവില്‍ നിന്ന് വൈകീട്ട് പുറപ്പെട്ട സംഘം വീട്ടിലെത്താന്‍ അര മണിക്കൂര്‍ മാത്രം ശേഷിക്കെയാണ് അപകടമുണ്ടായത്.
കണ്ണൂര്‍: കണ്ണൂര്‍ കൂടാളിയില്‍ നാല് പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബെംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് വന്ന സുഹൃത്തുക്കള്‍ സഞ്ചരിച്ച കാറാണ് മരത്തില്‍ ഇടിച്ച് അപകടമുണ്ടായത്. അടുത്ത ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അലവില്‍ സ്വദേശിയായ ഷാന്‍ തന്റെ കൂട്ടുകാരുമൊത്ത് നാട്ടിലേക്ക് വരികയായിരുന്നു. ബെംഗളൂരുവില്‍ നിന്ന് വൈകീട്ട് പുറപ്പെട്ട സംഘം വീട്ടിലെത്താന്‍ അര മണിക്കൂര്‍ മാത്രം ശേഷിക്കെയാണ് അപകടമുണ്ടായത്.
അഞ്ച് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഒരാള്‍ അപകടസ്ഥലത്ത് വെച്ചും മൂന്ന് പേര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
ഇന്നലെ അര്‍ദ്ധരാത്രിയോടെ നിയന്ത്രണം കൈവിട്ട കാര്‍ വഴിയരികിലെ മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിന്റെ ശബ്ദം കേട്ടോടിയെത്തിയ പരിസരവാസികളാണ് ആദ്യം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ഇടിയുടെ ആഘാതത്തില്‍ പൂര്‍ണ്ണമായി തകര്‍ന്ന കാര്‍, പിന്നീട് ഫയര്‍ഫോഴ്‌സ് എത്തി വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്ന അഞ്ചുപേരെയും പുറത്തെടുത്തത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണോ അപകടത്തിന് കാരണമായതെന്ന് അധികൃതര്‍ പരിശോധിച്ചുവരുന്നു.
Comments ()